തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവും തമ്മിലുള്ള ഫോണ്‍ വിളി വിവാദം, കെപിസിസി നേതൃത്വം അന്വേഷിക്കും. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കെപിസിസി അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍ദേശിച്ചു.
ഫോണ്‍ ശബ്ദരേഖ പ്രചരിച്ച സാഹചര്യം, അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെ എന്നീ കാര്യങ്ങളിലാണ് അന്വേഷണം.പാലോട് രവി പ്രദേശിക നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ കോണ്‍ഗ്രസിലെ നിലവിലെ സംഘടനാ ദൗർബല്യത്തെക്കുറിച്ചു സംസാരിച്ചിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ താഴേ തട്ടില്‍ ജനങ്ങളുമായി ബന്ധമില്ലാതെയാണു പോകുന്നതെന്നും ബിജെപിയും എല്‍ഡിഎഫും സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്പോൾ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോയില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയത്.
വാമനപുരം ബ്ലോക്ക് സെക്രട്ടറി എ. ജലീലുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് മാധ്യമങ്ങളിലുടെ പുറത്തുവന്നത്. ശബ്ദരേഖ പുറത്തുവന്നതോടെ കെപിസിസി നേതൃത്വം പാലോട് രവിയില്‍ നിന്നു രാജി ആവശ്യപ്പെട്ടു. അദ്ദേഹം രാജി വയ്ക്കുകയായിരുന്നു. ഫോണ്‍ സംഭാഷണം പുറത്തുവിട്ട ജലീലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.
പുല്ലമ്പാറ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഭിന്നതകളെക്കുറിച്ച് സംസാരിച്ചതെന്നാണ് പാലോട് രവി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.എന്നാല്‍ ഡിസിസി പ്രസിഡന്റ് തന്നെ എല്‍ഡിഎഫിനു തുടര്‍ഭരണം ലഭിക്കുമെന്ന അഭിപ്രായം പറഞ്ഞത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍.
തിരുവനന്തപുരം ഡിസിസിയില്‍ പാലോട് രവിക്കെതിരേ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് സ്വകാര്യമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവരാന്‍ കാരണമായതെന്നാണുവിലയിരുത്തപ്പെടുന്നത്. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പിനെയും നേരിടാന്‍ എല്‍ഡിഎഫും ബിജെപിയും പ്രവര്‍ത്തനം ശക്തമാക്കി മുന്നോട്ടുപോകവെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആഭ്യന്തരകലഹം മറനീക്കി പുറത്തുവന്നിരിക്കുന്നത്.