മാവേലിക്കര: രണ്ടാം ക്ലാസുകാരിക്കുനേരേ ലൈംഗികാതിക്രമം കാട്ടി യ കുട്ടിയുടെ അച്ഛന്റെ സുഹൃത്തിനെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര നിർമിതി കോളനിയിൽ മഞ്ഞാടിയിൽ കുഴുവിള പടീറ്റതിൽ രാഹുൽ (27) ആണ് അറസ്റ്റിലായത്. പ്രതി കുട്ടിയുടെ അച്ഛന്റെ സുഹൃത്തും കുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനുമാണ്.
ഇയാൾ കുട്ടിയുടെ അച്ഛനൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നെന്നും കുട്ടിയുടെ അമ്മ പിണങ്ങി പോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. അച്ഛനും മുത്തശ്ശിക്കുമൊപ്പം കഴിയുന്ന കുട്ടി രണ്ടുതവണ ആക്രമിക്കപ്പെട്ടു.
സ്കൂളിൽ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി, അധ്യാപരോട് വിവരം പറയുകയായിരുന്നു. അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചശേഷം കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കുറത്തികാട് പോലീസെത്തി നിയമനടപടികൾ സ്വീകരിച്ചു.
തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച രാഹുലിനെ, വിവരം കിട്ടി മണിക്കൂറുകൾക്കുള്ളിൽ പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.ഇയാൾ കുറത്തികാട് പോലീസ് സ്റ്റേഷനിൽ മറ്റു ക്രിമിനൽ കേസുകളിലും പ്രതിയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.