കൊച്ചി: കള്ളക്കേസെടുക്കാനും കൊല്ലാനും അധികാരമുണ്ടെന്ന് കരുതുന്നവര്‍ സേനയിലുണ്ടെന്ന എഫ്ബി പോസ്റ്റുമായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന്. കുന്നംകുളം പോലീസ് മര്‍ദനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കുന്നംകുളം പൊലീസ് മര്‍ദനത്തെ വിമര്‍ശിച്ച് പോസ്റ്റിട്ടപ്പോള്‍ ഒരുപാട് പൊലീസുകാര്‍ വിളിച്ച് പിന്തുണ പറഞ്ഞെന്നും എന്നാല്‍ രണ്ടു പേര് മാത്രം ന്യായീകരിച്ച് സംസാരിച്ചെന്നും പറഞ്ഞാണ് ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൈക്കൂലി വാങ്ങാനും സാമ്പത്തിക ഇടപാടുകള്‍ സെറ്റില്‍മെന്റ് ചെയ്ത് ഷെയര്‍ ചോദിച്ചുവാങ്ങാനും അതിന്റെ പങ്ക് പാര്‍ട്ടിക്കും മേലധികാരികള്‍ക്കും വീതം വെക്കാനും അധികാരമുണ്ടെന്ന് കരുതുന്ന ഒരുപാട് പേരുടെ പ്രതിനിധികളാണ് ഇവരെന്നും ഉമേഷ് പറയുന്നു.
ഐപിഎസുകാര്‍ മുതല്‍ സിപിഒമാര്‍ വരെ അക്കൂട്ടത്തിലുണ്ട്.അവര്‍ ന്യൂനപക്ഷമാണെങ്കിലും പോലീസില്‍ അവര്‍ക്കാണ് മേല്‍ക്കെയും അധികാരവും. കാരണം അധികാരം പ്രയോഗിക്കാനും അതിന് വരുന്ന തടസങ്ങളെ തൂത്തെറിയാനും കെല്‍പ്പുള്ളവരും കൈക്കൂലിപ്പണവും ബന്ധങ്ങളുമുപയോഗിച്ച് ഭരണകൂടത്തെ വരെ സ്വാധീനിക്കാന്‍ മിടുക്കുള്ളവരുമാണവര്.
കൈക്കൂലി വാങ്ങാത്തവരോ മര്‍ദകരോ അല്ലാത്ത വലിയ വിഭാഗം പോലീസുകാര്‍ ഇത്ര ‘മിടുക്ക് ‘ ഇല്ലാത്തതിനാല്‍ നിശ്ശബ്ദരായി ജോലി ചെയ്തു പോകുമെന്ന് സിപിഒ ഉമേഷ് പറയുന്നു.പോലീസില്‍ എത്രയധികം നല്ല ഓഫീസര്‍മാര്‍ വന്നാലും ഈ സിസ്റ്റത്തെ ശുദ്ധീകരിക്കുന്നതിന് എളുപ്പമല്ല. എന്തെന്നാല്‍ അതിനകത്തെ എതിര്‍പക്ഷത്തിന് കിട്ടുന്ന പരിഗണനയോ സംരക്ഷണമോ അവര്‍ക്ക് കിട്ടില്ല. ജീവിതവും ജീവനും കളഞ്ഞ് സിസ്റ്റത്തിന്റെ ഇരയാകുകയായിരിക്കും ഫലം.
ഇച്ഛാശക്തിയുള്ള, ബോധമുള്ള ഭരണനേതൃത്വത്തിന് മാത്രമേ ഈ സംവിധാനത്തെ മനുഷ്യത്വപരമാക്കാനും പതിയേ മുന്നോട്ട് നയിക്കാനും സാധിക്കുവെന്നും ഉമേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ആഭ്യന്തര വകുപ്പിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചതിനു പിന്നാലെ പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആയിരുന്ന ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയുണ്ടായി.
- സ്വന്തം ലേഖിക