ഗുഹയിൽ താമസമാക്കിയ 40 കാരിയായ ഒരു റഷ്യൻ സ്ത്രീയെയും അവരുടെ രണ്ട് പെൺമക്കളേയും കണ്ടെത്തി. ഉത്തര കന്നഡ ജില്ലയിലെ ഗോകർണയിലെ നിബിഡവനത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. പോലീസ് നടത്തിയ പതിവ് പട്രോളിംഗിനിടെയാണ് മോഹി എന്ന സ്ത്രീയേയും അവരുടെ നാലും ആറും വയസുള്ള പെൺമക്കളെയും കണ്ടത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവർ രാമതീർഥ വനമേഖലയിലെ ഗുഹയിൽ താമസിച്ചു വരികയായിരുന്നു. ആത്മീയത തേടിയാണ് താൻ ഗുഹയിൽ താമസമാക്കിയതെന്നാണ് മോഹി പോലീസിനോട് പറഞ്ഞത്.
ജൂലൈ 9 -ന് ഒരു ചെറിയ മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് പോലീസ് ഈ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു. അതിനിടെയാണ് ഗുഹയ്ക്കുള്ളിൽ സ്ത്രീയെ കണ്ടെത്തിയത്. പട്രോളിംഗ് നടത്തുന്നതിനിടെ ഗുഹയിലെ ആളനക്കം പോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ഗുഹയ്ക്ക് അരികിലെത്തി പരിശോധന നടത്തിയപ്പോഴാണ് സ്ത്രീയെയും കുട്ടികളെയും അതിനുള്ളിൽ കണ്ടത്.
പാസ്പോർട്ട് ഉൾപ്പെടെ തങ്ങളുടെ മറ്റെല്ലാ രേഖകളും നഷ്ടപ്പെട്ടെന്ന് മോഹി പോലീസിനോട് പറഞ്ഞു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അത് കണ്ടെടുത്തു. 2017 -ൽ അവരുടെ വിസ കാലാവധി കഴിഞ്ഞതായി കണ്ടെത്തി. അതിനുശേഷം അവർ രാജ്യം വിട്ട് നേപ്പാളിലേക്ക് പ്രവേശിച്ചു. എന്നാൽ, നേപ്പാളിൽ നിന്ന് വീണ്ടും ഇവർ അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിക്കുകയായിരുന്നു. ബംഗളൂരുവിലെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.