കൊച്ചി: വാര്‍ധക്യത്തിന്റെ ഏകാന്തതയിലും ഒറ്റപ്പെടലിലും കഴിയുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ക്ക് ധൈര്യമായി കേരള പോലീസിന്റെ പ്രശാന്തിയിലേക്ക് വിളിക്കാം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 61,238 മുതിര്‍ന്ന പൗരന്മാര്ക്കാണ് പ്രശാന്തി സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ലൈനിലൂടെ കേരള പോലീസ് കരുതലും താങ്ങുമായത്.
സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി കേരളാ പോലീസ് ആരംഭിച്ച പദ്ധതിയാണ് പ്രശാന്തി സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ലൈന്‍. കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുവഴി ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുന്നതിനായിരുന്നു പദ്ധതി.
ഒറ്റപ്പെടല്‍, ജീവിതശൈലീരോഗങ്ങള്‍, മരുന്നിന്റെ ലഭ്യത സംബന്ധിച്ച ആശങ്ക എന്നിങ്ങനെ വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇത്തരത്തില്‍ ലഭിച്ച പരാതികള്‍, ആവശ്യങ്ങള്‍ പരിഹരിക്കാനും കഴിഞ്ഞതായി പോലീസ് അറിയിച്ചു.
ധൈര്യമായി വിളിക്കാം
മുതിര്‍ന്ന പൗരന്മാര്ക്ക് ആവശ്യങ്ങളും വിഷമതകളും പോലീസിനെ 94979 00035, 94979 00045 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലൂടെ അറിയിക്കാം. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് കൗണ്‍സലിംഗ്, നിയമ–വൈദ്യസഹായം, സംശയ നിവാരണം, ബുദ്ധിമുട്ടുകളും ആശങ്കകളും ക്ഷമാപൂര്‍വം കേട്ട് വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തും.
അതാത് ജില്ലകളിലെ ഡൊമസ്റ്റിക് കോണ്‍ഫ്ളിക്ട് റെസലൂഷന്‍ സെന്ററാണ് (ഡിസിആര്‍സി) കൗണ്‍സലിംഗ് നല്‍കുന്നത്. പോലീസ് നടപടി വേണ്ടതാണെങ്കില്‍ ഉടന്‍ അതാത് സ്റ്റേഷനുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടി ഉറപ്പാക്കും. തുടര്നിര്ദേശവും നിയമസഹായത്തിന് കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെ സേവനവും ലഭ്യമാക്കുന്നുമുണ്ട്. മുതിര്‍ന്ന പൗരന്മാര് തനിച്ച് താമസിക്കുന്ന വീടുകളില്‍ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെത്തി വിവരശേഖരണവും നടത്താറുണ്ട്.
24 മണിക്കൂറും സേവനം
തിരുവനന്തപുരം എസ്എപി ക്യാമ്പിന് സമീപത്തെ ക്യാമ്പ് ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഡിഐജിയും സോഷ്യല്‍ പോലീസിംഗ് വിഭാഗം ഡയറക്ടറുമായ അജിത ബീഗമാണ് നേതൃത്വം നല്‍കുന്നത്.
സ്വന്തം ലേഖിക