നടൻ പ്രേംനസീറിനെതിരേയുള്ള വിവാദ പരാമർശങ്ങളിൽ മാപ്പ് പറഞ്ഞ് ടിനി ടോം. പ്രേംനസീർ എന്ന മഹാനടനെതിരേ അറിഞ്ഞു കൊണ്ട് ഇതുവരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല, സീനിയർ താരങ്ങളിൽ ചിലർ പങ്കുവച്ച അഭിപ്രായങ്ങളിൽ ചിലതാണ് അന്ന് പറഞ്ഞത്. അറിയാതെ എന്തെങ്കിലും പറഞ്ഞ് പോയെങ്കിൽ എല്ലാവരോടും മാപ്പ് പറയുന്നതായും ടിനി ടോം പറഞ്ഞു.
‘നസീര്‍ സാറിനെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഒരു സീനിയർ പറഞ്ഞ കാര്യമാണ് പങ്കുവച്ചത്. ഇപ്പോള്‍ അദ്ദേഹം കൈ മലര്‍ത്തുന്നുണ്ട്. അത് ഞാന്‍ അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരം വച്ചിട്ട് പറഞ്ഞ ഒരു കാര്യമാണ്. അതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. പ്രേം നസീറിനെ പോലൊരു മഹത് വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചിട്ടില്ല. ആർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് ടിനി പറഞ്ഞു.
അതേസമയം ടിനിയ്ക്കെതിരേ സംവിധായകന് എംഎ നിഷാദ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷി, സംവിധായകന് ആലപ്പി അഷ്റഫ്, നടന് മണിയന്‍പിള്ള രാജു എന്നിവർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ടിനിയുടെ മാപ്പ് പറച്ചിൽ.