പരവൂർ: പൊതുമേഖലാ ബാങ്കുകളിലെ ഉന്നത മാനേജ്മെന്റ് തസ്തികകൾ സ്വകാര്യ മേഖലയിലെ ഉദ്യോഗാർഥികൾക്കായി കേന്ദ്ര സർക്കാർ തുറന്നു കൊടുത്തു.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനവും ഇതിൽ ഉൾപ്പെടും.
ഇതുവരെ എല്ലാ എംഡി, ചെയർമാൻ സ്ഥാനങ്ങൾ സ്ഥാപനങ്ങൾക്കുള്ളിലെ സീനിയോറിറ്റി പ്രമോഷൻ വഴിയാണ് നികത്തിയിരുന്നത്. പുതുക്കിയ മാർഗ നിർദേശങ്ങൾ അനുസരിച്ച് പൊതുമേഖലാ ബാങ്കുകളിൽ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലെ നിയമന പ്രക്രിയയിലും സ്വകാര്യ മേഖലയിലെ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യക്ക് പുറമേ പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയ ഉൾപ്പെടെ 11 പൊതുമേഖലാ ബാങ്കുകളാണ് രാജ്യത്തുള്ളത്.കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയാണ് അസാധാരണമായ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
പൊതുധനകാര്യ സ്ഥാപനങ്ങളിലെ എംഡിമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, മുഴുവൻ സമയ ഡയറക്ടർമാർ തുടങ്ങിയ ഉന്നത തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രധാന മാറ്റമാണ് ഈ പരിഷ്കരണം കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്.
ബാങ്കിംഗ് മേഖലയിലെ ഉയർന്ന തലങ്ങളിൽ സുതാര്യത, മത്സര സ്വഭാവം, മെറിറ്റ് അടിസ്ഥാനമാക്കിയിട്ടുള്ള നിയമനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശാലമായ സംരഭത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇത് കൂടാതെ സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷ്വറൻസ് കമ്പനികളിലും ചെയർപേഴ്സൺമാർ, സിഇഒമാർ, എംഡിമാർ, എക്സിക്യൂട്ടീവ് ഡയറ്ടർമാർ എന്നിവർ ഉൾപ്പെടെയുള്ളവരെ നിയമിക്കുന്നതിന് പുതുക്കിയ ഏകീകൃത മാർഗ നിർദേശങ്ങൾ കാബിനറ്റ് അപ്പോയിന്റ്്മെന്റ് കമ്മിറ്റി (എസിസി) അംഗീകരിച്ചിട്ടുണ്ട്.
പുതുക്കിയ നിയമങ്ങൾ പ്രകാരം എസ്ബിഐയുടെ എംഡി സ്ഥാനത്ത് ആയിരിക്കും മാറ്റം വരികയെന്നാണ് സൂചനകൾ. നിർദിഷ്ട യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ സ്വകാര്യ മേഖലയിലെ ഉദ്യോഗാർഥികൾക്ക് എസ്ബിഐ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തേക്ക് അപേക്ഷിക്കാം.
അപക്ഷകർക്ക് ബാങ്കിംഗിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം ഉൾപ്പെടെ കുറഞ്ഞത് 15 വർഷത്തെ പ്രഫഷണൽ പരിചയം ഉണ്ടായിരിക്കണം. കൂടാതെ ഒരു ബാങ്കിന്റെ ബോർഡ് തലത്തിൽ രണ്ട് വർഷം അല്ലെങ്കിൽ ബോർഡിന്റെ താഴെയുള്ള ഉയർന്ന തലത്തിൽ മൂന്ന് വർഷം സേവനം അനുഷ്ടിച്ചിരിക്കണമെന്നും വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എസ്.ആർ. സുധീർകുമാർ