ജോമി കുര്യാക്കോസ്
കോട്ടയം: പുതുപ്പള്ളിയുടെ അമരത്തേക്കെത്താന്‍ ചാണ്ടി ഉമ്മനും ജെയ്ക് സി. തോമസും ലിജിന്‍ ലാലും സര്‍വതന്ത്രങ്ങളും പയറ്റുകയാണ്. കൊട്ടിഘോഷിച്ച പ്രചാരണങ്ങളിലും ശാന്തതവിടാതെ ആരെയും വ്യക്തിഹത്യ നടത്താതെ ഒന്നു നോവിക്കുക പോലും ചെയ്യാതെ നിലകൊണ്ട പാറിപ്പറക്കുന്ന തലമുടിക്കാരന്‍ പുതുപ്പള്ളിയുടെ മുടിചൂടാമന്നനായിരുന്നു.
അര നൂറ്റാണ്ട് കാലം ഉമ്മന്‍ ചാണ്ടിക്കപ്പുറം മറ്റൊരുപേരും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്ത പുതുപ്പള്ളി മണ്ഡലത്തിന്റെ മുക്കും മൂലയും കൈവെള്ളപോലെ അറിയുന്ന ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി 12 തവണയാണു തെരഞ്ഞെടുപ്പ് നേരിട്ടത്. അതിലെല്ലാം വിജയിച്ച് നിയമസഭാംഗമായിരുന്നത് 19,078 ദിവസം (52 വര്‍ഷം രണ്ടു മാസം 25 ദിവസം).
1970ല്‍ സിപിഎമ്മിലെ ഇ.എം. ജോര്‍ജിനെ യൂത്ത് കോണ്‍ഗ്രസുകാരനായിരുന്ന ഉമ്മന്‍ ചാണ്ടിയെന്ന കന്നിക്കാരന് അട്ടിമറിച്ചു. ഇടതു സ്വഭാവമുണ്ടെങ്കിലും പുതുപ്പള്ളി അന്നുമുതലിന്നുവരെ ഉമ്മന്‍ ചാണ്ടിക്കപ്പുറം മറ്റൊരു പേരിനെയും പ്രണയിച്ചില്ല, പരിഗണിച്ചില്ല.
പുതുപ്പള്ളിയുടെ ഗ്രാമവും നഗരവും ശാന്തമാണ്. കര്‍ഷകരും ചെറുകച്ചവടക്കാരും പ്രവാസികളും അവനവനിലേക്ക് ഒതുങ്ങി ജീവിക്കുന്ന പ്രകൃതം. 1957ലാണു മണ്ഡലം പിറന്നത്.
ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.സി. ചെറിയാന് 1396 വോട്ടുകള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇ.എം. ജോര്‍ജിനെ തോല്‍പ്പിച്ചു. 1960ല്‍ സിപിഐയിലെ എം. തോമസിനെയും പി.സി. ചെറിയാന് തോല്‍പ്പിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നശേഷം 1965ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തോമസ് രാജനെ തോല്‍പ്പിച്ച് ഇ.എം. ജോര്‍ജിലൂടെ സിപിഎം ആദ്യമായി പുതുപ്പള്ളിയില്‍ ചെങ്കൊടി പാറിച്ചു.
1967ലും ജോര്‍ജിലൂടെ പുതുപ്പള്ളി നിലനിറുത്തി. പിന്നീട് ഉമ്മന്‍ ചാണ്ടിയുടെ വരവോടെ പിറന്നത് പുതുചരിത്രം. പുതുപ്പള്ളിയില്‍ സിപിഎമ്മിന് ഉമ്മന്‍ ചാണ്ടിയെ വീഴ്ത്താനുള്ള കരുത്തൊന്നും ലഭിച്ചില്ല, അദേഹത്തിന്റെ മരണം വരെ.
നാലു തവണ മണ്ഡലത്തിന്റെ രൂപവും ഘടനയും മാറി. ചില പഞ്ചായത്തുകള്‍ പോയപ്പോള്‍ പകരം ചിലതു വന്നു. ഒടുവില്‍ പുതുപ്പള്ളിയും വാകത്താനവും മീനടവും മണര്‍കാടും അയര്‍ക്കുന്നവും അകലക്കുന്നവും പാമ്പാടിയും കൂരോപ്പടയും ചേര്‍ന്നു പുതിയ പുതുപ്പള്ളിയായി. ഘടനയും രൂപവും വോട്ടര്‍മാരുമൊക്കെ മാറിയെങ്കിലും പുതുപ്പള്ളിയുടെ ഹൃദയത്തില്‍ ഉമ്മന്‍ ചാണ്ടി സ്തംഭമായി.
ഉമ്മന്‍ ചാണ്ടിയുടെ വേര്പാടിനെത്തുടര്ന്നുള്ള ഉപതെരഞ്ഞെടുപ്പാണെങ്കിലും മൂന്നു മുന്നണികള്‍ക്കും അഭിമാന പോരാട്ടമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനെ യുഡിഎഫ് പോരിനിറക്കി.
അല്‍പ്പം വൈകിയെങ്കിലും ഒറ്റ റോഡ് ഷോയിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കേറാന്‍ സിപിഎമ്മിന്റെ യുവമുഖം ജെയ്ക്ക് സി. തോമസിനായി. ഏറ്റവും ഒടുവില്‍ വന്ന ബിജെപിയുടെ ലിജിന്‍ ലാൽ തെരഞ്ഞെടുപ്പു പ്രചാരണം വേറിട്ടതാക്കി.
സ്ഥാനാര്‍ഥികളെല്ലാം യുവാക്കളാണ്. വിദ്യാസമ്പന്നരും. ആരു ജയിച്ചാലും കഴിവും കര്മശേഷിയുമുള്ളയാള് ഉമ്മന്‍ ചാണ്ടിയുടെ പിന്ഗാമിയാകുമെന്നുറപ്പ്.
മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ആറിലും എല്‍ഡിഎഫ് ഭരിക്കുന്നു. രണ്ടില്‍ യുഡിഎഫും. മുമ്പത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ അതായിരുന്നില്ല, സ്ഥിതി. പഞ്ചായത്തുകളില്‍ ഭൂരിഭാഗവും യുഡിഎഫിന്റെ കൈയിലായിരുന്നു.
ചില പഞ്ചായത്തുകള്‍ സിപിഎമ്മിനെ എന്നും മാറ്റിനിര്‍ത്തിയിരുന്നു. കേരള കോണ്‍ഗ്രസ്-എം മുന്നണി വിട്ടതാണു കഴിഞ്ഞതവണ യുഡിഎഫിന് നഷ്ടമുണ്ടാക്കിയത്.
അന്നത്തെ വിരോധവും വാശിയുമൊന്നും ഇപ്പോള്‍ കേരള കോണ്ഗ്രസുകാര്ക്കില്ലെന്നു കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നു. എന്നാൽ, ഇത്തവണ മാറ്റമുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച ജെയ്ക് ജയിച്ചുകയറുമെന്നും സിപിഎമ്മുകാര്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള ജെയ്ക്കിന്റെ വോട്ടുവ്യത്യാസം 9,044 ആയിരുന്നു.
സംസ്ഥാനതലത്തിലും സംസ്ഥാനത്തിനുപുറത്തും ചര്‍ച്ചയായ വലിയ വിഷയങ്ങളില്‍ തൊട്ടുള്ള പ്രചാരണത്തിനാണു കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. അതില്‍നിന്ന് അകലംപാലിച്ചു പ്രാദേശികവിഷയങ്ങള്‍ ഉയര്‍ത്തുന്നതാണ് സിപിഎം തന്ത്രം.
തൃക്കാക്കരയിലേതുപോലെ മന്ത്രിമാരെല്ലാം ക്യാമ്പ് ചെയ്തുള്ള പ്രവര്‍ത്തനമില്ലെങ്കിലും വളരെ ജാഗ്രതയോടെയാണ് നീക്കം. മുഖ്യമന്ത്രി ഒളിച്ചോടുന്നു എന്ന പ്രതിപക്ഷത്തിന്റെ പ്രചാരണത്തെ നേരിടാന്‍ എട്ടു പഞ്ചായത്തിലും പിണറായി പങ്കെടുക്കുന്ന യോഗങ്ങളാണ് ഇടതുപക്ഷത്തിന്റെ ഹൈലൈറ്റ്. ഒപ്പം മന്ത്രിമാര്‍ പങ്കെടുക്കുന്ന വികസനസദസും.
മാസപ്പടിയുള്പ്പെടെ അഴിമതിയാരോപണങ്ങള്‍ പുതുപ്പള്ളിയില്‍ ഉന്നയിക്കുകയാണ് യുഡിഎഫ്. മിത്ത് വിവാദവും മാസപ്പടി ആരോപണവും ബിജെപി വിഷയമാക്കുന്നു. ഓണവും എട്ടുനോമ്പും എല്ലാമായി തിരക്കുകളുടെ കാലത്ത് തിരക്കിട്ട് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ തീവ്രപ്രചാരണമാണ് മൂന്നു മുന്നണികളും കാഴ്ചവയ്ക്കുന്നത്.