തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി നല്കിയ പരാതിയില്‍ വലിയമല പോലീസ് കേസെടുത്തു. വിവാഹവാഗ്ദാനം നല്കി പീഡനം, ബലാത്സംഗം, ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.
രാഹുലിന്റെ സഹായി അടൂര്‍ സ്വദേശി ജോബി ജോര്‍ജിനെ രണ്ടാംപ്രതിയാക്കിയാണ് എഫ്ഐആര്‍. രാഹുലിന്റെ നിര്‍ദേശാനുസരണം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചുകൊടുത്തത് ജോബിയായിരുന്നുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെയും കേസില്‍ പ്രതിയാക്കിയിരിക്കുന്നത്. രാഹുലിനെതിരേ സർക്കാർ ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
രാഹുലിനെതിരേ കേസെടുത്തതിനു പിന്നാലെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ നിലയിലാണ്. എന്നാല്‍ പിന്നീട് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത നിലയിലാണെന്ന് സ്ഥിരീകരിച്ചു. രാഹുല്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. രാഹുൽ തമിഴ്നാട്ടിലേക്കു കടന്നതായാണ് സൂചനകൾ. അതേസമയം, വൈകിട്ടോടെ രാഹുൽ പാലക്കാട്ട് എത്തുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
രാഹുലിനെതിരേ യുവതി ഗുരുതര വെളിപ്പെടുത്തലുകളാണ് മൊഴിയായി പോലീസിന് നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയില്‍ നിന്നു മൊഴി രേഖപ്പെടുത്തിയിരുന്നു. 20 പേജുള്ള മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ഗര്‍ഭഛിദ്രം നടത്തുന്നതിന് തന്നെ ഭീഷണിപ്പെടുത്തി.
രാഹുലിന്റെ സുഹൃത്തിന്റെ പക്കലാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ച് നല്‍കിയത്. മരുന്ന് കഴിച്ചവെന്ന് വീഡിയോ കോളിലൂടെ രാഹുല്‍ ഉറപ്പാക്കിയെന്നാണ് യുവതിയുടെ മൊഴി. രാഹുലിന് പല പെണ്‍കുട്ടികളുമായും ബന്ധമുണ്ട്, അത് തനിക്കറിയാം. ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതികേട് ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനാലാണ് പരാതി നല്‍കിയത്. രാഹുല്‍ അസഭ്യം പറഞ്ഞിട്ടുണ്ടെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.
തിരുവനന്തപുരം, പാലക്കാട് തുടങ്ങി മൂന്നു സ്ഥലത്തു വച്ചു പീഡിപ്പിച്ചു. നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചു. ഗർഭിണിയാണെന്നറിഞ്ഞിട്ടും പീഡിപ്പിച്ചു, കൊല്ലുമെന്നു ഭീഷണിപ്പെടുത്തി തുടങ്ങിയ മൊഴികളും യുവതി നൽകി.
കുറ്റകൃത്യം നടന്ന സ്ഥലം നേമം പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ വലിയമല പോലീസ് കേസ് നേമത്തേക്ക് കൈമാറിയിട്ടുണ്ട്. അതേ സമയം ഒളിവില്‍ പോയ രാഹുലിനെ പിടികൂടാന്‍ പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സൈബര്‍ വിദഗ്ധരും ഷാഡോ പോലീസും ഉള്‍പ്പെടെയുള്ള സിറ്റി പോലീസ് സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്.
ഇന്നലെ വൈകുന്നേരമാണ് യുവതി രാഹുലിനെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചത്. ഇതേ തുടര്‍ന്ന് പരാതി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.
രാഹുലിന്റ വീടിനു കനത്ത പോലീസ് കാവല്‍
അടൂര്‍: അടൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വീടിനു കനത്ത പോലീസ് കാവല്‍. ഇന്നലെ രാത്രി മുതല്‍ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നു രാവിലെയോടെ വീട്ടിലേക്കുള്ള വഴിയില്‍ ബാരിക്കേഡ് സ്ഥാപിച്ചു. കൂടുതല്‍ പോലീസിനെയും സ്ഥലത്തു നിയോഗിച്ചു.
രാഹുലിന്റെ വീട്ടിലേക്ക് രാഷ്ട്രീയസംഘടനകള്‍ പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. നേരത്തെ രാഹുലിനെതിരേ ആരോപണം ഉയര്‍ന്ന ഘട്ടത്തിലും വീടിനു മുമ്പില്‍ ബാരിക്കേഡ് തീര്‍ത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
രാഹുലിനെ പാർട്ടി സംരക്ഷിക്കില്ല: കെ. മുരളീധരൻ
തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിനെ സംരക്ഷിക്കുന്ന ഒരു നടപടിയും പാര്‍ട്ടി എടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. രാഹുലിനെതിരേ പാര്‍ട്ടി നേരത്തെ നടപടിയെടുത്തു. സസ്പെൻഡ് ചെയ്തു. സസ്പെന്ഷന് എന്നാല്‍ ആറ് വര്‍ഷക്കാലത്തേക്ക് പുറത്താക്കിയതിന് തുല്യമാണ്. രാഹുല്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ല.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഉന്നതരെ പിടികൂടുന്നത് വരെ യുഡിഎഫ് പോരാട്ടവുമായി മുന്നോട്ടുപോകും. പരാതി ലഭിച്ചയുടന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമായിരുന്നു. ഈ തെരഞ്ഞെടുപ്പുവേളയില്‍ കേസെടുത്തതിനുപിന്നില് രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ വടി കൊടുത്ത് അടി വാങ്ങിയതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ആരോപണം ഉന്നയിച്ച യുവതിയെ വെല്ലുവിളിച്ചതാണ് രാഹുലിനെതിരേ ഇപ്പോള്‍ കേസ് വരാന്‍ കാരണം. രാഹുലിനെതിരെ പാര്‍ട്ടി നടപടി നേരത്തെ എടുത്ത് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
അന്തസുണ്ടെങ്കിൽ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: അന്തസും മാന്യതയും ഉണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കോണ്‍ഗ്രസ് രാഹുലിനെ സംരക്ഷിക്കുകയാണ്. ഇത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് രമേശ് ചെന്നിത്തല. രാഹുലിനെതിരെ പാര്‍ട്ടി നേരത്തെ നടപടി എടുത്തിട്ടുണ്ട്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ഉന്നതരെ അറസ്റ്റ് ചെയ്യുന്നതുവരെ പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
യുവതി പരാതി നല്കാന് വൈകിയത് എന്തുകൊണ്ടെന്ന് ആര്.ശ്രീലേഖ
തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിനെതിരായ പീഡന കേസിൽ യുവതി പരാതി നല്കാന് വൈകിയത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ മുന്‍ ഡിജിപി. ആര്.ശ്രീലേഖ. പരാതിക്കാരി പരാതി നല്‍കാതെ തന്നെ പോലീസിന് സ്വമേധയാ കേസെടുക്കാമായിരുന്നു. ഈ സമയത്തെ കേസെടുക്കല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ചര്‍ച്ച വഴിമാറ്റി വിടാനാണെന്ന് ശ്രീലേഖ പറഞ്ഞു. യുവതി ഇപ്പോഴെങ്കിലും പരാതി നല്‍കിയതില്‍ സന്തോഷമുണ്ടെന്നും ശ്രീലേഖ വ്യക്തമാക്കി. ഫേസ് ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായാണ് ശ്രീലേഖ ഇക്കാര്യം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പുസമയത്ത് സിപിഎം ഉണ്ടാക്കിയെടുത്ത കെണിയെന്ന് അടൂര്‍ പ്രകാശ്
തിരുവനന്തപുരം: രാഹുലിനെതിരെയുള്ള കേസ് തെരഞ്ഞെടുപ്പുസമയത്ത് സിപിഎം ഉണ്ടാക്കിയെടുത്ത കെണിയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ചര്‍ച്ച വഴിമാറ്റി വിടാനാണ് സിപിഎം ശ്രമിക്കുന്നത്. താന്‍ കോന്നിയിലും ആറ്റിങ്ങലിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പല കേസുകളും തനിക്കെതിരെ സിപിഎം എടുത്തിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പ് സമയത്തും സിപിഎമ്മിന് ഇരകളെ കിട്ടും. ഇരകളെ വച്ചാണ് സിപിഎം കെണിയൊരുക്കുന്നത്. യുവതി നല്കിയ പരാതി പോലീസ് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

