ഭുവനേശ്വർ: ഒരു രാത്രി മുഴുവൻ സ്കൂളിനുള്ളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി കുടുങ്ങിക്കിടന്നു. ഒഡീഷയിലെ കേന്ദുഝർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ വ്യാഴാഴ്ചയാണ് സംഭവം. പിറ്റേന്ന് രാവിലെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സ്കൂൾവിട്ട് മറ്റ് കുട്ടികൾ പോയശേഷവും രണ്ടാംക്ലാസുകാരി സ്കൂളിനകത്ത്തന്നെ ഉണ്ടായിരുന്നു. ഇതറിയാതെ ഗേറ്റ്കീപ്പർ പ്രധാന ഗേറ്റ് പുറത്ത് നിന്ന് പൂട്ടി. വീട്ടിലെത്തേണ്ട സമയം ആയിട്ടും കുട്ടിയെ കാണാഞ്ഞ് വീട്ടുകാർ എല്ലാ സ്ഥലത്തും തിരച്ചിൽ നടത്തി. കുട്ടിയെ കണ്ടെത്താൻ സാധിക്കാഞ്ഞതോടെ ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു. രാത്രി മുഴുവൻ നാട്ടുകാരുൾപ്പെടെ കുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സ്കൂളിനുള്ളിൽ കുടുങ്ങിയ കുട്ടി ജനലിന്റെ ഇരുമ്പ് ഗ്രില്ലുകൾക്കിടയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടെ കുട്ടിയുടെ തല ഗ്രില്ലിനിടയിൽ കുടുങ്ങി. പിറ്റേന്ന് രാവിലെ കുട്ടിയെ ജനലിൽ കുടുങ്ങിയ നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ പറഞ്ഞു.