അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ അതുല്യ കലാകാരനാണ് കലാഭവൻ നവാസ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിൽ നിന്ന് കുടുംബക്കാരും സഹപ്രവർത്തകരും ഇതുവരെ മോചിതരായിട്ടില്ലന്ന് തന്നെ പറയാം.
നവാസിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ ആക്ടീവായിരുന്നു. മരണ ശേഷം പുറത്തിറങ്ങിയ ഇഴ എന്ന സിനിമയുടെ വിശേഷങ്ങളെല്ലാം ആപേജിലൂടെ മക്കൾ ആ ആരാധകരെ അറിയിച്ചു. അദ്ദേഹത്തിന്റെ മരണശേഷം കുടുംബം കടന്ന് പോകുന്ന അവസ്ഥകളെ കുറിച്ച് മക്കൾ പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ മകൻ റിഹാൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാകുന്നത്. ഒക്ടോബർ 8, ഇന്ന് മൂത്ത മകൻ റിഹാൻ നവാസിന് 18 വയസ് പൂർത്തിയാകുകയാണ്. വാപ്പച്ചിയില്ലാത്ത ആദ്യത്തെ പിറന്നാൾ എന്നാണ് റിഹാൻ പറഞ്ഞത്.
റിഹാൻ നവാസ് പങ്കുവച്ച പോസ്റ്റ്
ഒക്ടോബർ 8, ഇന്നന്റെ പിറന്നാളാണ്. ഏതൊരു കുട്ടിയുടേയും ആഗ്രഹമായിരിക്കും 18 വയസാകുക എന്നത്. പക്ഷെ എനിക്ക് 18 വയസായത് കാണാൻ വാപ്പിച്ചി ഇല്ല. വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ പറ്റാത്ത ആദ്യത്തെ പിറന്നാൾ.
വാപ്പിച്ചിയുടെ വസ്ത്രങ്ങൾ അണിയാൻ എനിക്കും റിദുവിനും വലിയ ഇഷ്ടമാണ്. എപ്പോൾ ചോദിച്ചാലും വാപ്പിച്ചി സന്തോഷത്തോടെ എടുത്തു തരും എന്നിട്ട് ഏതാ വേണ്ടതെന്നു ചോദിക്കും? ഞങ്ങൾ അത് ധരിക്കുമ്പോൾ നിറഞ്ഞ ചിരിയോടെ നോക്കി നിൽക്കും.
ഇപ്പോൾ ഞാനും റിദുവും ആ വസ്ത്രങ്ങൾ അനിഞ്ഞാണ് പുറത്തിറങ്ങുന്നത്. എന്നാൽ ഇപ്പോൾ അത് അണിയുമ്പോൾ വാപ്പിച്ചി ഞങ്ങളെ കെട്ടിപ്പിടിച്ച ഫീൽ ആണ്, വല്ലാത്ത ധൈര്യവും തോന്നും.
വാപ്പിച്ചി 50 വയസ് പുറത്തിയാക്കിയില്ല (രേഖകളിൽ ജനനതിയതി തെറ്റാണ്, ആഗസ്റ്റ്-10-1974 ലാണ് യഥാർഥ ജനനതിയതി). പക്ഷെ ഞങ്ങൾക്ക് 24 വയസാണ് വാപ്പയെ കണ്ടാൽ തോന്നാറുള്ളു. അത്രയും ചെറുപ്പമായ മനസാണ് വാപ്പിച്ചിയുടേത്. ഞങ്ങളെ സുരക്ഷിതരാക്കിയിട്ടാണ് വാപ്പിച്ചി പോയത്.