കോട്ടയം: ടിടിഇയെയും യാത്രക്കാരെയും അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി ഗോപാലകൃഷ്ണപിള്ള (33)യാണ് കോട്ടയം റെയില്‍വേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്ത യുവാവിനെ പരിശോധിക്കാനെത്തിയ ടിടിഇയെയും മറ്റു യാത്രക്കാരെയുമാണ് ഇയാള്‍ ആക്രമിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് യുവാവ് കേരള എക്സ്പ്രസില്‍ കയറിയത്. പരിശോധന യ്ക്കെത്തിയ ടിടിഇയുമായി യുവാവ് തര്‍ക്കത്തിലേര്‍പ്പെടുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു.
ടിടിഇ വിവരം റെയില്‍വേ സംരക്ഷണ സേനയെയും റെയില്‍വേ പോലീസിലും അറിയിച്ചു. ഈ സമയം ട്രെയിന്‍ ചെങ്ങന്നൂര്‍ സ്റ്റേഷനിലെത്തിയിരുന്നു. പട്രോളിംഗിനായി ചെങ്ങന്നൂരിലുണ്ടായിരുന്ന കോട്ടയം റെയില്‍വേ പോലീസ് എസ്എച്ച്ഒയും സംഘവും റെയില്‍വേ സംരക്ഷണ സേനയുടെ സഹായത്തോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത് കോട്ടയത്തെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

