തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഹൈക്കോടതി ഇന്നലെ നടത്തിയ പരാമർശങ്ങൾ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊള്ളയുടെ പിന്നിൽ പ്രവർത്തിച്ച വൻതോക്കുകൾ പുറത്തുവരാനുണ്ടെന്നും അവരെ പുറത്തുകൊണ്ടുവരുന്ന വിധത്തിൽ അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി പറഞ്ഞത്.
എസ്ഐടി യ്ക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് ശക്തമായ സമ്മർദമാണ് ചെലുത്തുന്നത്. തദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യരുതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.അതിനാലാണ് കടകംപള്ളിയ്ക്കുനേരെ അന്വേഷണം എത്താത്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള കടകംപള്ളിയുടെ ബന്ധം അറസ്റ്റിലായ പത്മകുമാറും കുട്ടുപ്രതികളും നേരത്തെ പറഞ്ഞതാണ്.
ബിജെപി-സിപിഎം അവിഹിതബന്ധം ഇപ്പോൾ പുറത്തായെന്നും പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ദേശീയ സെക്രട്ടറിയ്ക്കും സംസ്ഥാന സെക്രട്ടറിക്കും മന്ത്രിസഭയ്ക്കും ഒരു വില പോലും കൽപ്പിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഏകപക്ഷീയമായാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സിപിഎം ഇപ്പോൾ കേരളത്തിന്റെ മുന്നിൽ നാണം കെട്ടിരിക്കുകയാണ്.
രാഹുൽ മാങ്കുട്ടത്തിലിനെതിരേ കോണ്ഗ്രസ് ശക്തമായ നടപടിയാണ് കൈക്കൊണ്ടത്. ആരോപണ വിധേയരാകുകയും സമാന കേസുകളിൽ പ്രതികളായവർക്കെതിരേ സിപിഎം ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.മുകേഷ് എംഎൽഎയെയും പത്മകുമാറിനെയും പുറത്താക്കാൻ സിപിഎമ്മിന് ധൈര്യമുണ്ടോയെന്ന് സതീശൻ ചോദിച്ചു.
രാഹുൽ മാങ്കുട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതിന്റെ കാരണം രാഷ്ട്രീയം മാത്രമാണ്. യുവതി പരാതി നൽകുമെന്നറിഞ്ഞിട്ടും എന്തു കൊണ്ടാണ് പോലീസും സർക്കാരും രാഹുലിന്റെ നീക്കങ്ങൾ ശ്രദ്ധിക്കാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

