കോട്ടയം: ശബരിമല മണ്ഡലകാലം രണ്ടു ദിവസം പിന്നിട്ടപ്പോള്‍തന്നെ ക്രമീകരണം ജില്ലയിലുടനീളം പാളി. പമ്പയിലും മരക്കൂട്ടത്തിലും സന്നിധാനത്തും നിലയ്ക്കലിലും ഇന്നലെയുണ്ടായ വന്‍തിരക്ക് എരുമേലി-നിലയ്ക്കല്‍ പാതയിലും അനുഭവപ്പെട്ടു.
രണ്ടും മൂന്നും ദിവസങ്ങള്‍ മുന്‍പ് വിവിധ നാടുകളില്‍ നിന്ന് റോഡ്മാര്‍ഗം പുറപ്പെട്ടവരുടെ വാഹനങ്ങള്‍ പലയിടങ്ങളിലും തടഞ്ഞു. എല്ലാ വർഷവും പതിവായി അപകടം സംഭവിക്കുന്ന കണമല അട്ടിവളവില്‍ ഇന്നലെയും തീര്‍ഥാടകവാഹനം മറിഞ്ഞതോടെ കുറെ സമയം ഗതാഗതം നിലച്ചു.
പാലാ-പൊന്‍കുന്നം-വിഴിക്കത്തോട്-കൊരട്ടി പാതയില്‍ ഇന്നലെയും വാഹനക്കുരുക്കുണ്ടായി. ശബരിമലയില്‍ തിരക്ക് വര്‍ധിക്കുമ്പോള്‍ തീര്‍ഥാടകരെ എരുമേലിയില്‍ നിയന്ത്രിക്കാനോ പാര്‍പ്പിക്കാനോ ഉള്ള സൗകര്യവും സംവിധാനവുമില്ല. മാത്രവുമല്ല എരുമേലി ടൗണില്‍ ഒരേ സമയം അയ്യായിരത്തിലേറെ പേര്‍ക്ക് തങ്ങാനുള്ള ഇടവുമില്ല. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്ന് മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ തീര്‍ഥാടകരാണ് ഇക്കൊല്ലം എത്തുന്നത്.
47 ബസ് ഓടിച്ചിട്ടും തിരക്ക്
കോട്ടയം: ഇന്നലെയും തീര്‍ഥാടകരുമായി മൂന്നു സ്പെഷല്‍ ട്രെയിനുകള്‍ കോട്ടയത്തെത്തി. ഇതിനു പുറമെ മറ്റ് ട്രെയിനുകളിലും ഇരുമുടിക്കെട്ടുമായി ഭക്തര്‍ എത്തിയതോടെ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ബസുകള്‍ ഓടിക്കേണ്ടിവന്നു.
കോട്ടയത്തുനിന്ന് തിങ്കഴാഴ്ച 45 ബസുകളാണ് പമ്പയിലേക്ക് അയച്ചത്. തിരക്ക് കൂടിയതോടെ ഇന്നലെ രണ്ടു ലൈന്‍ ബസുകള്‍ പമ്പയിലേക്ക് അധികമായി ഓടിച്ചു. ശബരിമലയില്‍ തിരക്ക് കൂടിയാല്‍ കോട്ടയത്തോ മറ്റ് ഇടത്താവളങ്ങളിലോ തീര്‍ഥാടകരെ നിയന്ത്രിക്കുക പ്രായോഗികമല്ല. ദിവങ്ങള്‍ മുമ്പ് ട്രെയിനില്‍ പുറപ്പെടുകയും മടക്ക ടിക്കറ്റെടുക്കുകയും ചെയ്തവര്‍ക്ക് യാത്ര മുന്നോട്ടുവയ്ക്കുക എളുപ്പമല്ല.

