കലൈമാമണി പുരസ്കാരനേട്ടത്തില്‍ നന്ദി അറിയിച്ച് നടി സായ് പല്ലവി രംഗത്ത്. അടുത്തിടെയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനില്‍നിന്നു സായ് പല്ലവി പുരസ്കാരം ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടുകൊണ്ടായിരുന്നു സായിയുടെ കുറിപ്പ്. ഒപ്പം അഭിമാനത്തോടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് അടുത്ത കുടുംബാംഗങ്ങള്‍ക്കരികില്‍ നില്ക്കുന്ന ചിത്രവും താരം പങ്കുവച്ചിരുന്നു.
കലൈമാമണി എന്നത് ഞാന്‍ വളര്‍ന്നുവരുമ്പോള്‍ കേട്ട ഒരു വാക്കാണ്, ഈ ബഹുമതി ലഭിച്ചത് അതിശയകരമാണ്. ഈ മഹത്തായ ബഹുമതിക്ക് തമിഴ്നാട് സര്‍ക്കാരിനും ബഹുമാനപ്പെട്ട മുഖ്യമന്ത്രി തിരു . എം.കെ സ്റ്റാലിന് അവര്‍കള്‍ക്കും ടി. എന്‍. ഇയാല്‍ ഇസൈ നടിഗ മൻഡ്രത്തിനും നന്ദി. എന്റെ പ്രിയപ്പെട്ടവരോടൊപ്പം ഒരു ചിത്രം എടുക്കാന്‍ വേണ്ടി ഈ വിലയേറിയ പോസ്റ്റ് ഒരു മാസം വൈകി, ചിത്രം 3 കാണുക- എന്നായിരുന്നു സായ് പല്ലവി കുറിച്ചത്.
ഈ വര്‍ഷം സെപ്റ്റംബര്‍ 24 നാണ് തമിഴ്നാട് സര്‍ക്കാര്‍ യഥാക്രമം 2021, 2022, 2023 വര്‍ഷങ്ങളിലെ അഭിമാനകരമായ കലൈമാമണി അവാര്‍ഡുകളുടെ വിജയികളെ പ്രഖ്യാപിച്ചത്. കല, സാഹിത്യം, സാംസ്കാരികം എന്നീ മേഖലകളിലെ മികച്ച സംഭാവനകളെ അംഗീകരിച്ച് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തികള്‍ക്ക് നല്കുന്ന ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് കലൈമാമണി അവാര്‍ഡ്.
അഭിനേതാക്കളായ സായ് പല്ലവി, എസ്ജെ സൂര്യ, സംവിധായകന് ലിങ്കുസാമി, സെറ്റ് ഡിസൈനര്‍ എം. ജയകുമാര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സൂപ്പര്‍ സുബ്ബരായന്‍, ടെലിവിഷന്‍ താരം പി.കെ. കമലേഷ് എന്നിവരാണ് 2021 ലെ കലൈമാമണി പുരസ്കാരത്തിന് അര്‍ഹരായത്. 2022 ലെ കലൈമാമണി പുരസ്കാരം നടന് വിക്രം പ്രഭു, ജയ വിസി ഗുഹനാഥന്, ഗാനരചയിതാവ് വിവേക, പിആര്‍ഒ ഡയമണ്ട് ബാബു, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ലക്ഷ്മികാന്തന്‍ എന്നിവര്‍ക്കാണ്. ടെലിവിഷന്‍ താരം മേട്ടി ഒലി ഗായത്രിക്കും പുരസ്കാരമുണ്ട്.
നടന് മണികണ്ഠന്, ജോര്‍ജ് മാര്യര്‍, സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദര്‍, ഗായിക ശ്വേത മോഹന്‍, കൊറിയോഗ്രാഫര്‍ സാന്‍ഡി മാസ്റ്റര്‍ പിആര്‍ഒ നിഖില്‍ മുരുകന് എന്നിവര്‍ക്കാണ് 2023 ലെ കലൈ മാമണി പുരസ്കാരം. ടെലിവിഷനില്‍ നിന്ന് എന്‍പി ഉമാശങ്കര്‍ ബാബവും അഴകന് തമിഴ്മണിയും പുരസ്കാരത്തിന് അര്‍ഹരായി.

