എന്നെ ജീവിതത്തിൽ ഒത്തിരിപ്പേർ പറ്റിച്ചിട്ടുണ്ട്. എനിക്ക് പലരും പണി തന്നിട്ടുണ്ട്. അക്കാര്യങ്ങൾ വീണ്ടും വീണ്ടും പേരെടുത്ത് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പൈസയുടെ കാര്യത്തിൽ ആണെങ്കിലും എന്തിൽ ആണെങ്കിലും ഞാൻ പറ്റിക്കപ്പെടുകയാണെന്ന് എനിക്ക് അറിയാം. അപ്പോഴും ഞാൻ ചിരിച്ചുകൊണ്ട് നിൽക്കും.
അതിലൊന്നും കുഴപ്പമില്ല. ലൈഫിൽ എപ്പോഴും ചിരിക്കാനാണ് ഇഷ്ടം. എന്തിനാണ് ഈ കുറഞ്ഞ സമയത്ത് കരഞ്ഞും പിഴിഞ്ഞും ഇരിക്കുന്നത്. നോർമലി ഭാര്യമാർ സപ്പോർട്ട് ചെയ്യുന്നത് പോലെയല്ല എന്റെ ഭാര്യ എന്നെ പിന്തുണയ്ക്കുന്നത്. പ്രൊഫഷണലിയും അല്ലാതെയും ഒരുപാട് പിന്തുണയ്ക്കുന്ന പങ്കാളിയാണ് രശ്മി. അവളെ കുറിച്ച് ഒറ്റ വാക്കിൽ എങ്ങനെയാണ് പറയുന്നത്. പൊതുവെ എല്ലാവരും പറയും ഭാര്യ എന്റെ ബാക്ക് ബോണാണെന്ന്.
പക്ഷെ രശ്മി എന്റെ ഫുൾ ബോണാണ്. ഞങ്ങൾ രണ്ടുപേരും കൂടിയാണ് നാടകം ചെയ്യുന്നത്. ഇപ്പോൾ ചക്കപ്പറമ്പിലെ വിശേഷങ്ങൾ എന്നൊരു നാടകം ഞങ്ങൾ ചെയ്യുന്നുണ്ട്. എനിക്ക് വിഷമം തോന്നുന്ന ചില നിമിഷങ്ങളുണ്ട്. ഞാനും രശ്മിയും ഐവിഎഫ് ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട്.
കുട്ടികളുണ്ടാകാനുള്ള ട്രീറ്റ്മെന്റ് ചെയ്ത് കഴിയുമ്പോൾ രശ്മിക്ക് പതിനാല് ദിവസം റെസ്റ്റെടുക്കണം. ബെഡ് റെസ്റ്റാണ് അനക്കമുണ്ടാവില്ല. പിന്നീട് പതിനഞ്ചാം ദിവസം നമ്മൾ റിസൽട്ട് വാങ്ങാനായി പോകും. അവിടെ വെച്ച് നെഗറ്റീവാണെന്ന് അറിയും.
അറിഞ്ഞശേഷം പതിനാല് ദിവസമായി ഈ റിസൽട്ടിന് വേണ്ടി വെയിറ്റ് ചെയ്ത് കിടക്കുന്ന ഭാര്യയോട് ഞാൻ വന്ന് റിസൽട്ട് നെഗറ്റീവാണെന്ന് പറയണം. റിസൽട്ട് അറിഞ്ഞ് ഞാൻ വിഷമിക്കുകയാണ്. മാത്രമല്ല ഭാര്യയോട് ഞാൻ ഇത് പറയുകയും വേണം. എന്റെ ജീവിതത്തിലെ ഏററവും വലിയ വിഷമം അതാണ്. -സാജു നവോദയ