മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു വി. സാംസന് ഇരട്ട ലക്ഷ്യം; 2025 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംനേടുകയും കേരള ക്രിക്കറ്റ് ലീഗ് ട്വന്റി-20യില്‍ മിന്നുംപ്രകടനം കാഴ്ചവയ്ക്കുകയും വേണം. രണ്ടാമത് കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ചാമ്പ്യന്‍ഷിപ്പും ഏഷ്യ കപ്പ് ട്വന്റി-20 പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനവും ഏകദേശം ഒരേസമയത്ത്.
കെസിഎല്ലില്‍ സഞ്ജുവിന്റെ അരങ്ങേറ്റ സീസണ് ആണ് ഇത്തവണത്തേത്. കെസിഎല്ലിന്റെ ഉദ്ഘാടനദിനത്തിലെ രണ്ടാം മത്സരത്തില്‍ സഞ്ജു സാംസന്റെ കൊച്ചി ബ്ലൂ ടൈഗേഴ്സ് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ നേരിടും. നിലവിലെ സൂചനകള്‍ അനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരമായിരിക്കും ബിസിസിഐ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക.
14-ാം രാവില്‍
ഇന്നേക്കു 14-ാം രാവില്‍ കെസിഎല്ലില്‍ സഞ്ജു സാംസണ് അരങ്ങേറ്റം കുറിക്കുന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. 2024ല്‍ ആരംഭിച്ച കെസിഎല്ലിന്റെ പ്രഥമ സീസണില്‍ കേരളത്തിന്റെ സൂപ്പര്‍ താരമായ സഞ്ജു സാംസണ് പങ്കെടുത്തിരുന്നില്ല. എന്നാല്‍, ഇത്തവണ സഞ്ജു എത്തുന്നതോടെ ടൂര്‍ണമെന്റിന്റെ കൊഴുപ്പു കൂടും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിനത്തില്‍ത്തന്നെ സഞ്ജു കളത്തിലെത്തുമെന്നതും ശ്രദ്ധേയം.
ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറ് വരെയാണ് 2025 സീസണ് കെസിഎല്‍. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30നും 7.45നുമാണ് മത്സരങ്ങള്‍. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഓരോ ടീമിനും 10 മത്സരങ്ങള്‍ വീതം. പോയിന്റ് ടേബിളില്‍ ആദ്യ നാലു സ്ഥാനക്കാര്‍ സെമിയിലേക്ക്. രണ്ട് സെമിയും സെപ്റ്റംബര്‍ അഞ്ചിന്.
ചേട്ടന് ക്യാപ്റ്റന്‍; അനിയന് വൈസ്
കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സാംസണ് ബ്രദേഴ്സായ സാലിയും സഞ്ജുവുമാണ് നയിക്കുക. ചേട്ടന് സാലി ക്യാപ്റ്റനും അനുജന് സഞ്ജു വൈസ് ക്യാപ്റ്റനും. കെസിഎല്ലിന്റെ രണ്ടു വര്‍ഷ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാണ് സഞ്ജു. 26.8 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കിയത്.
ഒരു ടീമിനു 2025 ലേലത്തില്‍ മുടക്കാന്‍ സാധിക്കുന്ന പരമാവധി തുകയുടെ (50 ലക്ഷം) പകുതിയില്‍ അധികം! ഇന്ത്യക്കായി 42 ട്വന്റി-20 കളിച്ച്, മൂന്നു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയുമടക്കം 152.38 സ്ട്രൈക്ക് റേറ്റില്‍ 861 റണ്‍സ് നേടിയ സഞ്ജുവിനായി വാശിയേറിയ ലേലമായിരുന്നു അരങ്ങേറിയത്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ നയിക്കുന്നതും സഞ്ജു.
എന്നാല്‍, വലംകൈ പേസറായ സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ സഞ്ജു കളിക്കുന്നത് ഇതാദ്യം. കേരളത്തിന്റെ അണ്ടര്‍ 16, 19 ടീമുകളില്‍ സഞ്ജുവും സാലിയും ഒന്നിച്ചു കളിച്ചിട്ടുണ്ടെന്നതും ചരിത്രം.
ഇന്ത്യന്‍ ടീം ഓപ്പണര്‍
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നേടിയതിന്റെ ആവേശത്തിനു പിന്നാലെ 2025 ഏഷ്യ കപ്പ് ട്വന്റി-20ക്കുള്ള ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് ഇടംപിടിക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. ഇംഗ്ലണ്ടിനെതിരേ ജനുവരി-ഫെബ്രുവരിയില്‍ നടന്ന പരമ്പരയ്ക്കുശേഷം ടീം ഇന്ത്യ ട്വന്റി-20 കളിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണര്‍ സഞ്ജുവായിരുന്നു.
26, 5, 3, 1, 16 എന്നതായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം. 2024 ഒക്ടോബര്‍ ആറിനു ബംഗ്ലാദേശിനെതിരായ മത്സരം മുതല്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറാണ് സഞ്ജു. അന്നു മുതല്‍ ഇതുവരെ 12 മത്സരങ്ങള്‍ കളിച്ചു. മൂന്നു സെഞ്ചുറിയടക്കം 417 റണ്‍സ് നേടി. രാജ്യാന്തര ട്വന്റി-20യില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്കോര്‍ (ബംഗ്ലാദേശിനെതിരേ 74 പന്തില്‍ 111) പിറന്നതും സ്ഥിരം ഓപ്പണറായുള്ള ഈ സമയത്തായിരുന്നു.
ഏഷ്യ കപ്പ് ടീം സ്ഥാനം
വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു സാംസണ്, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരായിരുന്നു ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറിലുണ്ടായിരുന്നത്. ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍ എന്നിവരായിരുന്നു ശ്രദ്ധേയ അസാന്നിധ്യങ്ങള്‍. ഗില്ലിനും ജയ്സ്വാളിനുമൊപ്പം, പഞ്ചാബ് കിംഗ്സിനെ 2025 ഐപിഎല്ലില്‍ ഫൈനല്‍വരെ നയിച്ച ശ്രേയസ് അയ്യറും ഏഷ്യ കപ്പ് ടീമിലേക്കു കണ്ണുനട്ടിരിക്കുകയാണ്.
ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ഏഷ്യ കപ്പ് സംഘത്തില്‍ ഉണ്ടായിരിക്കണമെന്നാണ് ഗൗതം ഗംഭീറിന്റെ ആഗ്രഹമെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയം. 2025 ഐപിഎല്ലില്‍ 156.17 സ്ട്രൈക്ക് റേറ്റില്‍ 759 റണ്‍സ് നേടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണര്‍ സായ് സുദര്‍ശനും ഇന്ത്യന്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുന്നു.
സെപ്റ്റംബര്‍ 10ന് യുഎഇക്ക് എതിരേയാണ് ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബര്‍ 14ന് ഇന്ത്യ x പാക് പോരാട്ടം അരങ്ങേറും. ഏതായാലും ഇന്ത്യന്‍ ടീം ജഴ്സിയില്‍ കണ്ണുനട്ട്, കേരള പ്രീമിയര്‍ ലീഗില്‍ തിളങ്ങുന്ന പ്രകടനം കാഴ്ചവയ്ക്കാനുള്ള തയാറെടുപ്പിലാണ് സഞ്ജു സാംസണ്. സഞ്ജുവിന്റെ വെടിക്കെട്ടിനായി കെസിഎല്ലും കാത്തിരിക്കുന്നു…