ചെറുതോണി: സ്കൂൾബസ് തലയിലൂടെ കയറിയിറങ്ങി അതേ സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥി മരിച്ചു. തടിയമ്പാട് പറപ്പള്ളിൽ ബെൻ ജോൺസന്റെ മകൾ ഹെയ്സൽ ബെൻ (3) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തടിയമ്പാട് കുപ്പശ്ശേരിൽ ആഷിക് അബ്ബാസിന്റെ മകൾ ഇനായ തെഹ്സിൻ (4) ന് കാലിന് ഗുരുതരപരിക്കേറ്റു. വാഴത്തോപ്പിലെ സ്വകാര്യ സ്കൂളിലാണു ദാരുണ സംഭവം.
ഇന്നു രാവിലെ 9ഒാടെ സ്കൂൾ മുറ്റത്തെ പോർച്ചിലാണു ദുരന്തമുണ്ടയത്. പോർച്ചിൽ സ്കൂൾബസ് നിർത്തി കുട്ടികളെ ഇറക്കിയ ശേഷം വാഹനം മുന്നോട്ട് എടുക്കുമ്പോഴായിരുന്നു സംഭവം.പിന്നാലെ വന്ന ബസിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. പിന്നിലെ ബസിൽ നിന്നിറങ്ങിയ കുട്ടികൾ അപകടത്തിൽപ്പെട്ട ബസിന് അരികിലൂടെ മുന്നോട്ടു പോകുമ്പോഴായിരുന്നു ദാരുണ സംഭവം. ബസിന്റെ മുൻ ചക്രം ഹെയ്സലിന്റെ തലയിലൂടെ കയറിയിറങ്ങി.
ഒപ്പമുണ്ടായിരുന്ന ഇനായയുടെ കാലിലും ബസ് കയറി. സംഭവംകണ്ട സ്കൂൾ ജീവനക്കാർ ബഹളം വച്ച് വാഹനം നിർത്തിച്ചു. ഉടൻതന്നെ രണ്ടു കുട്ടികളെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.ഹെയ്സൽ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് പ്രദേശവാസികളും നാട്ടുകാരും സ്കൂളിലെത്തി.
ഇടുക്കി പോലീസെത്തി ഡിവൈഎസ്പിയുടെയും ഇടുക്കി തഹസിൽദാറുടെയും നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു. മരിച്ച കുട്ടിയുടെ മൃദദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ജീബയാണ് ഹെയ്സലിന്റെ മാതാവ്.

