ന്യൂയോർക്ക്: അധിനിവേശ റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ യുക്രെയ്ൻ പ്രസിഡന്റായി തുടരില്ലെന്ന് വോളോഡിമിർ സെലൻസ്കി. യുദ്ധം അവസാനിപ്പിക്കലാണു തന്റെ ലക്ഷ്യമെന്നും അധികാരത്തിൽ തുടരുകയല്ലെന്നും യുഎസ് മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങളാലാണ് ഇപ്പോൾ തെരഞ്ഞെടുപ്പു നടത്താത്തത്. വെടിനിർത്തലുണ്ടായാൽ ഉടൻ തെരഞ്ഞെടുപ്പു നടത്തും. ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ദീർഘകാല സമാധാനത്തിനായി പുതിയ നേതാവിനെ വേണമെന്നു യുക്രെയ്ൻ ജനത ആഗ്രഹിക്കുന്നുണ്ടാകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ൻ പ്രസിഡന്റ് എന്ന നിലയിൽ സെലൻസ്കിയുടെ കാലാവധി 2024 മേയിൽ അവസാനിച്ചിരുന്നു. സെലൻസ്കിയുടെ അധികാരത്തെ റഷ്യ പലപ്പോഴും ചോദ്യംചെയ്തിട്ടുണ്ട്. യുക്രെയ്നിൽ ഇപ്പോഴും സെലൻസ്കിക്കു ശക്തമായ ജനപിന്തുണയുണ്ട്.