റായ്പുർ: നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ടു ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ക്രിയാത്മകമായി ഇടപെടാൻ ബിജെപിയുടെ പ്രത്യേകസംഘം ഛത്തീസ്ഗഡിലെത്തി. ജനറൽ സെക്രട്ടറി അനൂപ് ആന്റണി, മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ കാണാൻ ശ്രമിക്കുമെന്നാണു വിവരം. സംസ്ഥാന ആഭ്യന്തരമന്ത്രിയുമായി അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തി.
അന്വേഷണം കൃത്യമായി നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് അനൂപ് പറഞ്ഞു. വ്യത്യസ്തമായ സാഹചര്യമാണു സംസ്ഥാനത്തുള്ളത്. കന്യാസ്ത്രീകളെ കാണുന്നതടക്കമുള്ള കാര്യങ്ങൾ പിന്നീടു തീരുമാനിക്കുമെന്നും അനൂപ് ആന്റണി പറഞ്ഞു.
അതിനിടെ ബെന്നി ബഹനാൻ, എൻ.കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നീ പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്.
ഛത്തീസ്ഗഡിൽ നടക്കുന്നതു ബിജെപിയുടെ അജണ്ടയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. കന്യാസ്ത്രീകൾക്കു രാജ്യത്തു സഞ്ചാരസ്വാതന്ത്ര്യംപോലും ഇല്ലേ എന്ന് ഫ്രാൻസിസ് ജോർജും പ്രതികരണം നടത്തി.