കരുവഞ്ചാൽ: കണ്ണൂർ വായാട്ടുപറമ്പ് ഹണി ഹൗസിനു സമീപം ആൾത്താമസം ഇല്ലാത്ത വീടിനോടു ചേർന്നുള്ള പറമ്പിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ മരിച്ചതായി കരുതപ്പെടുന്ന തമിഴ്നാട് കന്യാകുമാരി സ്വദേശി സോമന്റെ (61) ബന്ധുക്കൾ ഇന്നു പുലർച്ചെ ആലക്കോട് എത്തി.മകൾ അനീഷ ഉൾപ്പെടെയാണ് ഇന്നലെ കന്യാകുമാരി കൽക്കുളത്തു നിന്നു പുറപ്പെട്ട് ഇന്നു രാവിലെ ആലക്കോട് പോലീസ് സ്റ്റേഷനിൽ എത്തിയത്.
പോലീസ് നടത്തിയ പരിശോധനയിൽ വായാട്ടുപറമ്പിൽനിന്നു കിട്ടിയ വസ്ത്രങ്ങളും മറ്റു സാധനങ്ങളും സോമന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അതേസമയം, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചശേഷമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ആലക്കോട് സി ഐ പറഞ്ഞു.
ഇരുമ്പ് അലമാരകളുടെ പെയിന്റിംഗും അറ്റകുറ്റപ്പണികളുമായിരുന്നു സോമന്റെ തൊഴിൽ. പത്തുവർഷം മുമ്പ് രയറോത്ത് ജോലി ചെയ്തിരുന്നതായി സൂചനയുണ്ട്.
സോമന്റെ ഭാര്യ നേരത്തെ മരിച്ചു. ഒരാഴ്ച കഴിഞ്ഞ് തിരിച്ചെത്തുമെന്നു മകളോട് പറഞ്ഞാണ് മേയ് 27ന് കന്യാകുമാരിയിൽനിന്ന് പുറപ്പെട്ടത്.
കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ കന്യാകുമാരി പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വായാട്ടുപറമ്പിൽ അസ്ഥികൂടവും തലയോട്ടിയും ലഭിച്ച സംഭവം ഉണ്ടായത്.
ഇതിന് സമീപത്ത് നിന്നും ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുമ്പോഴാണ് സോമനിലേക്ക് അന്വേഷണം എത്തിയത്.ആക്രി പെറുക്കുന്നതിനിടെ വീണു മരിച്ചതാകാം എന്നതാണു പ്രാഥമിക നിഗമനം.