ന്യൂഡൽഹി: ഭോപ്പാലിനടുത്ത് അശോക് നഗറിൽ നടന്ന തെരഞ്ഞെടുപ്പ് റാലി സ്മൃതി ഇറാനിയുടെ ജീവിതത്തിൽ അവിസ്മരണീയമായി. റാലിക്കിടെ രാഹുൽ ഗാന്ധി നിങ്ങളുടെ കാർഷിക വായ്പ എഴുതി ത്തള്ളിയോ എന്ന് ചോദിച്ച സ്മൃതിക്ക് ജനക്കൂട്ടം ഒരുമിച്ച് തള്ളി എന്ന മറുപടിയാണ് നൽകിയത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കർഷകരുടെ വായ്പ എഴുതി തള്ളുമെന്ന് വാഗ്ദാനം നൽകിയിരുന്നു.
ഈ വാഗ്ദാനം രാഹുൽ നിറവേറ്റിയോ എന്നായിരുന്നു റാലിക്കിടെ സ്മൃതിയുടെ ചോദ്യം. അതെ, വായ്പ എഴുതി തള്ളിയെന്ന് ജനക്കൂട്ടം ആവർത്തിച്ച് മറുപടി പറഞ്ഞു. ജനങ്ങളുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായി തിരിച്ചടി ഉണ്ടായതോടെ പ്രസംഗം സ്മൃതി ഇറാനി കുറച്ച് നേരത്തേക്ക് നിർത്തിവയ്ക്കുന്നതും വീഡിയോയിലുണ്ട്.
നേരത്തെ കർഷകർക്ക് വായ്പാ ഇളവ് നൽകിയില്ലെന്ന് വിമർശിച്ച മുൻ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും കനത്ത മറുപടിയാണ് ലഭിച്ചത്. മുതിർന്ന നേതാവ് സുരേഷ് പച്ചോരിയാണ് കെട്ടുകണക്കിന് രേഖകളുമായി ബിജെപി നേതാവ് ശിവ്രാജ് സിങ് ചൗഹാന്റെ വീട്ടുപടിക്കൽ എത്തിയത്. ഡിസംബറിൽ സംസ്ഥാനത്ത് അധികാരത്തിലെത്തിയ കോണ്ഗ്രസ് സംസ്ഥാനത്തെ 21 ലക്ഷം കർഷകരുടെ വായ്പ ഇളവ് ചെയ്തതിന്റെ രേഖകളാണ് കെട്ടുകളാക്കി വീട്ടുപടിക്കൽ എത്തിച്ചത്.