കൊല്ലം: പുത്തൂരിൽ തെരുവ് നായകളുടെ ആക്രമണത്തിൽ ഏഴുവയസുകാരി ഉൾപ്പടെ ഏഴുപേർക്ക് കടിയേറ്റു. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. പഴയ ചിറ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്നവരെയും ബസ് ഇറങ്ങിയവരെയും ആണ് തെരുവ് നായ കടിച്ചത്.
ചെറുമങ്ങാട് ആയിക്കുടി വീട്ടിൽ ഗായന്തിക പ്രജീഷ് (7), കാരിക്കൽ സ്വദേശിനി വിദ്യാർഥിനി നേഹ, കരിമ്പിൻപുഴ സ്വദേശിനി ഗീത ഭായ്, തെക്കുംചേരി സ്വദേശിനി സിന്ധു, പഴയചിറ സ്വദേശി അനീഷ്, പഴയചിറ സ്വദേശിനി ലക്ഷ്മി, ഒരു മൂന്നാംചിറ സ്വദേശിനി എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
ഗായന്തികയുടെ വയറുഭാഗം നായ കടിച്ചുകീറി. ഗുരുതര പരിക്കുകളോടെ ഗായന്തികയെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ച നായ ഓടി രക്ഷപ്പെട്ടു. പേപ്പട്ടിയാണെന്ന് സംശയിക്കുന്നുണ്ട്. വളർത്ത് മൃഗങ്ങളേയും ഈ നായ കടിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.