ഒരിക്കൽ ചെമ്പൈ സ്വാമി മോഹന്റെ അമ്മയോടു പറഞ്ഞത്രേ, ‘ദാസ് കൂടെ പാട്റ അന്ത സുജാതാവെ മോഹനുക്ക് പാക്കലാമേ…’ (ദാസിനൊപ്പം പാടുന്ന സുജാതയെ മോഹനു വേണ്ടി നോക്കാം) എന്ന്. അതുകേട്ട് അമ്മ ഞെട്ടി. ‘അവ റൊമ്പ ചിന്ന പൊണ്ണായിടിച്ച് സ്വാമീ…’ (അവൾ തീരെ ചെറിയ കുട്ടിയല്ലേ സ്വാമീ) എന്നു പറഞ്ഞപ്പോൾ ‘ചിന്ന പൊണ്ണ് പെരിസായിടുമേ…’ (ചെറിയ കുട്ടി വലുതായിക്കോളുമല്ലോ) എന്നു പറഞ്ഞു സ്വാമി ചിരിച്ചത്രേ.
പാലക്കാട്ടെ സംഗീത പരിപാടികളുടെ സംഘാടകനാണു മോഹന്റെ അച്ഛൻ അഡ്വ. ഉണ്ണി നായർ. ദാസേട്ടൻ പാലക്കാടു ചെല്ലുമ്പോൾ മോഹന്റെ വീട്ടിലാണു താമസിക്കുക. അപ്പോൾ എനിക്കു ചില സ്പെഷൽ സമ്മാനങ്ങളൊക്കെ അമ്മ കരുതി വയ്ക്കും. പട്ടുപാവാടയും ദൈവങ്ങളുടെ വിഗ്രഹങ്ങളുമൊക്കെയാണത്.
അങ്ങനെ ചിന്നപൊണ്ണു വലുതായെന്നു തോന്നിയ സമയത്താകണം, അവർ ഞങ്ങളുടെ ജാതകം നോക്കി. സായ് ബാബയുടെ വലിയ ഭക്തരാണു മോഹന്റെ കുടുംബം. ബാബയോടു വിവാഹക്കാര്യം അവതരിപ്പിച്ചപ്പോൾ തന്നെ പറഞ്ഞത്രേ, ജാതകമൊന്നും നോക്കേണ്ട, എല്ലാം ശുഭമാകും. ധൈര്യമായി വിവാഹം നടത്തിക്കോളൂ… എന്ന്.
ദാസേട്ടൻ വഴിയാണ് അമ്മയോട് ഇക്കാര്യം അവതരിപ്പിച്ചത്. 12 വയസ് പ്രായവ്യത്യാസം അൽപം പ്രശ്നമായെങ്കിലും പാട്ടിനോടു വലിയ ഇഷ്ടമുള്ള കുടുംബമെന്ന മുൻഗണന കിട്ടി.
അമ്മയ്ക്കു ജാതകത്തിലൊന്നും വിശ്വാസമില്ലായിരുന്നു. എല്ലാ പൊരുത്തവും നോക്കി നടത്തിയ വിവാഹമായിരുന്നു അമ്മയുടേത്. എന്നിട്ടും അച്ഛൻ ഞങ്ങളെ വിട്ടുപോയതിലുള്ള വിഷമം കൊണ്ടാകാം അത്. 18 വയസ് തികഞ്ഞ പാടേ കല്യാണം കഴിഞ്ഞു. -സുജാത