ഗുജറാത്തിലെ മൊഹ്സാനയില്നിന്ന് ഏകദേശം 25 കിലോ മീറ്റര്‍ അകലെ മൊഠേരയിലേക്കുള്ള യാത്രയില്‍ രക്തം പോലും ഉറഞ്ഞു പോകുന്ന തണുപ്പായിരുന്നു.കടുക് പൂത്ത് നില്ക്കുന്ന മഞ്ഞപ്പാടങ്ങള്‍ കടന്ന് പുഷ്പാവതി നദിയുടെ പശ്ചാത്തലത്തില്‍ പേരറിയാത്ത വ്യക്ഷങ്ങളില്‍ പക്ഷികളുടെ കളകൂജനം കേട്ട് ചരിത്രമുറങ്ങുന്ന മൊഠേര സൂര്യക്ഷേത്രത്തിലേക്ക് എത്തിയപ്പോള്‍ സമയം രാവിലെ ഏഴു മണി.
അരിച്ചിറങ്ങുന്ന തണുപ്പ് വകവയ്ക്കാതെ മുന്നോട്ട് നടന്നു നീങ്ങുന്ന ഒരുപറ്റം സ്കൂള്‍ കുട്ടികള്‍ക്കൊപ്പം ടെറാരൂപത്തിലുള്ള പൂന്തോട്ടത്താല്‍ ചുറ്റപ്പെട്ട, മൊഠേര സൂര്യക്ഷേത്രത്തിലേക്ക് നടന്നു. അടുത്തേക്ക് എത്തുംതോറും ആ ശില്പചാതുര്യം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.അനേകം സൂക്ഷ്മമായ കൊത്തുപണികള്‍, ത്രികോണാകൃതിയില്‍ കൊത്തിയെടുത്ത കല്‍പ്പടവുകള്‍, പച്ച നിറമുള്ള വെള്ളം തുളുമ്പുന്ന ക്ഷേത്രക്കുളം…
കിഴക്കു പടിഞ്ഞാറ് ദിശയില്‍ ഒരു നേര്രേഖയിലെന്നവിധം സ്ഥിതിചെയ്യുന്ന മൂന്ന് ഭാഗങ്ങളാണ് മൊഠേര സൂര്യക്ഷേത്രത്തിനുള്ളത്. കുണ്ഡം അഥവാ കുളം, സഭാമണ്ഡപം, ഗുഡമണ്ഡപം. ആരാധനാമൂര്‍ത്തിയായ സൂര്യദേവെന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിലാണ് ഗുഡമണ്ഡപം. ശ്രീകോവിലിന് അഭിമുഖമായുള്ള മണ്ഡപം -സഭാമണ്ഡപം.
അവര്ണനീയം ഈ ശില്പചാതുര്യം
സൂര്യക്ഷേത്രത്തിലേക്ക് എത്തുമ്പോള്‍ ആദ്യം കാണുന്നത് സൂര്യകുണ്ഡ് എന്നറിയപ്പെടുന്ന മനോഹരമായ സമചതുരത്തില്‍ നിരവധി കല്പ്പടവുകളുമായി നിര്‍മിച്ച ക്ഷേത്രക്കുളമാണ്. വിവിധ ദേവന്മാര്ക്കും അര്ധദേവന്മാര്ക്കും വേണ്ടിയുള്ള 108 ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പടിക്കെട്ടിലും ഗോപുരങ്ങളുണ്ട്. കുണ്ഡത്തിന്റെ മൂന്ന് വശങ്ങളിലായി സ്ഥിതി ചെയ്യുന്ന മൂന്ന് പ്രധാന ആരാധനാലയങ്ങള്‍ ഗണപതിക്കും വിഷ്ണുവിനും സമര്‍പ്പിച്ചിരിക്കുന്നു. “താണ്ഡവം’ നൃത്തം ചെയ്യുന്ന ശിവന്റെ ഒരു ചിത്രവും ഇവിടെ കാണാം.
പല കാലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ശ്രീകോവിലില്‍ പലതും ശിഥിലമാക്കപ്പെട്ടു. അവശേഷിക്കുന്നവയില്‍ ഇപ്പോഴും ശൈവ, വിഷ്ണു പ്രതിഷ്ഠകളുണ്ട്.പ്രധാനക്ഷേത്രത്തിനു തൊട്ടു മുന്‍പിലായി അഷ്ടകോണാകൃതിയില്‍ നിര്‍മിച്ച സഭാമണ്ഡപം. അവിടെ പല ഉയരങ്ങളിലുള്ള കല്‍ത്തൂണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 52 ആഴ്ചകളെ കുറിക്കുന്ന 52 തൂണുകളാണിവിടെ ഉള്ളതെന്നാണ് കരുതുന്നത്. രാജഭരണകാലത്ത് സഭാമണ്ഡപം നൃത്തവേദിയായി ഉപയോഗിച്ചിരുന്നു. ചുമരുകളിലെ നൃത്തം ചെയ്യുന്ന അപ്സരസുകളുടെ മനോഹര ചിത്രങ്ങള്‍ കാണാനാകും.
ചരിത്രമുറങ്ങുന്ന കല്‍മണ്ഡപം
ഒന്നിലധികം ആക്രമണങ്ങളുടെയും ചെറുത്തു നില്‍പ്പിന്റെയും കഥകള്‍ മൊഠേര ക്ഷേത്രത്തിലെ കല്ച്ചുവരുകള്ക്ക് പറയാനുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ ആക്രമണത്തില്‍ പാതി തകര്‍ന്ന കൊത്തുപണികള്‍ ഇപ്പോഴും ചരിത്ര രേഖയെന്ന പോലെ ക്ഷേത്രച്ചുമരുകളില്‍ തെളിഞ്ഞു നില്ക്കുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ സോളങ്കി രാജാവായ ഭീമദേവന് ഒന്നാമനാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് കരുതുന്നത്.
ഭീമദേവന് ശിവഭക്തനായിരുന്നുവെങ്കിലും സോളങ്കി രാജവംശം സൂര്യ ഭക്തരായിരുന്നു. 1024- 1025 കാലഘട്ടത്തില്‍ മഹ്മൂദ് ഗസ്നി സോളങ്കി രാജവംശത്തെ ആക്രമിച്ചു. പക്ഷേ കാര്യമായ വിജയം നേടാന്‍ ഗസ്നിക്ക് സാധിച്ചില്ല. ഒരു വര്‍ഷത്തിനു ശേഷം സോളങ്കി രാജവംശം വീണ്ടും ഇവിടെ അധികാരം പിടിച്ചെടുത്തു.
അന്നത്തെ വിജയകരമായ പ്രതിരോധത്തിന്റെ സ്മരണയ്ക്കായാണ് സൂര്യഭഗവാന്റെ സ്വര്‍ണവിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം നിര്‍മിച്ചതെന്നാണ് ചരിത്രഗ്രന്ഥങ്ങളിലുള്ളത്. പക്ഷേ ഏറെക്കാലം കഴിയും മുന്‍പേ വീണ്ടും ക്ഷേത്രം ആക്രമണത്തിന് ഇരയായി. ക്ഷേത്രത്തിലെ വിഗ്രഹം മാത്രമല്ല അതിനു താഴെ വില മതിക്കാനാകാത്തത്ര സ്വര്ണനാണങ്ങളും രത്നങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന അഭ്യൂഹമാണ് അലാവുദ്ധീന്‍ ഖില്‍ജിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.
1300 കളില്‍ ഖില്‍ജിയുടെ ആക്രമണത്തോടെ ക്ഷേത്രത്തിലെ വിഗ്രഹം അപ്രത്യക്ഷമായി. ഖില്‍ജിയുടെ പടയാളികള്‍ വിഗ്രഹം കവര്‍ച്ച ചെയ്തതാണോ അതോ ക്ഷേത്ര പൂജാരികളും വിശ്വാസികളും ചേര്‍ന്ന് വിഗ്രഹം അതീവ രഹസ്യമായി ഒളിപ്പിച്ചതാണോ എന്നതില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. എന്തു തന്നെയായാലും വിഗ്രഹം പിന്നീട് തിരിച്ചു കിട്ടിയില്ല. അതോടെ പൂജയും മുടങ്ങി. പിന്നീട് 1802ല്‍ ബ്രിട്ടീഷുകാരാണ് ക്ഷേത്രത്തെ വീണ്ടും കണ്ടെത്തിയത്. നിലവില്‍ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ക്ഷേത്രം.
ഈ ക്ഷേത്രത്തില്‍ വിഗ്രഹമില്ല, പൂജയുമില്ല
കല്ലില്‍ കൊത്തിയെടുത്ത കമഴ്ത്തി വച്ച താമരപ്പൂവിനു മുകളില്‍ സൂര്യമന്ദിരം. നഗ്നനാരികളും ആനകളും ദേവതകളും നര്‍ത്തകിയും താമരയും മഹാഭാരതത്തിലെയും രാമായണത്തിലെയും അസംഖ്യം കഥകളും… ഓരോ മതിലിലും തൂണുകളിലും അസംഖ്യം കൊത്തുപണികള്‍. ഏഴു കുതിരകളെ പൂട്ടിയ പന്ത്രണ്ട് ചത്രങ്ങളുള്ള സൂര്യരഥത്തെയാണ് ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് കടന്നെങ്കിലും പൂജാ വസ്തുക്കളുടെ ഗന്ധമോ, മന്ത്രധ്വനികളോ മണിയൊച്ചകളോ ഇല്ല. കാലങ്ങള്‍ക്കു മുന്‍പേ തന്നെ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായിരുന്ന സൂര്യവിഗ്രഹം നഷ്ടപ്പെട്ടു. അതു കൊണ്ട് തന്നെ ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധനയില്ല.
ശാസ്ത്രവും വിശ്വാസവും ഇഴ ചേര്‍ന്ന്
ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ശാസ്ത്രത്തിന്റെ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തി കണക്കുകള്‍ പിഴയ്ക്കാതെ നിര്‍മിച്ചെടുത്ത അപൂര്‍വ മന്ദിരമാണ് മൊഠേരയിലെ സൂര്യക്ഷേത്രം. പകലും രാത്രിയും തുല്യമായ വിഷുവ ദിനത്തില്‍ ക്ഷേത്രത്തിന്റെ നിഴല്‍ താഴെ പതിക്കില്ല. ആ ദിവസം ക്ഷേത്രത്തില്‍ നില്‍ക്കുന്നവരുടെയും നിഴല്‍ താഴേക്ക് എത്തില്ല.
ആ വിധത്തില്‍ ഉത്തരായന രേഖയിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. കര്‍ക്കടക വൃത്തത്തില്‍ ഒരിഞ്ച് പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ കൃത്യം കിഴക്കു പടിഞ്ഞാറായാണ് ക്ഷേത്രത്തിന്റെ നിര്‍മാണം. സ്വര്‍ണത്തില്‍ തീര്‍ത്ത സൂര്യവിഗ്രഹത്തിലേക്ക് വിഷുവ ദിനത്തിലെ ആദ്യ സൂര്യരശ്മി പതിച്ച് തിളങ്ങുന്ന വിധത്തില്‍.
ക്ഷേത്രത്തിനു പുറത്തുള്ള ഭിത്തിയില്‍ 12 മാസങ്ങളെ കുറിക്കുന്ന വിധം സൂര്യന്റെ 12 ഭാവങ്ങള്‍ കൊത്തിയിരിക്കുന്നു. സാന്ഡ്സ്റ്റോണിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം. സ്വര്‍ണത്തില്‍ തീര്‍ത്ത വിഗ്രഹത്തില്‍ സൂര്യകിരണങ്ങളാണ് ആദ്യം അഭിഷേകം നടത്തുന്നതെന്നാണ് വിശ്വാസം.
ഐതീഹ്യം
സ്കന്ദ പുരാണത്തില്‍ ഭാസ്കര മേഖലയെന്നും ബ്രഹ്മ പുരാണത്തില്‍ ധര്മാരണ്യമെന്നും പരാമര്‍ശിക്കുന്നിടത്താണ് സൂര്യക്ഷേത്രം നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. ത്രേതായുഗത്തില്‍ രാവണ വധം കഴിഞ്ഞതിനു ശേഷം ബ്രഹ്മഹത്യാ പാപം തീര്‍ക്കാനായി പുഷ്പാവതി നദീതീരത്ത് യജ്ഞം നടത്താനായി വസിഷ്ഠമഹര്‍ഷി ശ്രീരാമനോട് നിര്‍ദേശിച്ചുവെന്നും അതാണ് പിന്നീട് സൂര്യകുണ്ഡ് ആയി മാറിയതെന്നുമാണ് വിശ്വാസം.
പ്രാദേശികമായി ക്ഷേത്രക്കുളം ഇപ്പോഴും രാമകുണ്ഡ് എന്നാണ് അറിയപ്പെടുന്നത്. ആ പ്രദേശത്താണ് സോളങ്കി രാജവംശം ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. വെയില് ഉദിക്കുന്നതോടെ സൂര്യകുണ്ഡില്‍ സഭാമണ്ഡലത്തിന്റെ വിശാലമായ പ്രതിബിംബം പതിയും. അതിമനോഹരമായ കാഴ്ചയാണിത്.
എങ്ങനെ എത്തിച്ചേരാം
അഹമ്മദാബാദില്‍നിന്ന് 100 കിലോ മീറ്റര്‍ അകലെ മെഹസാന ജില്ലയിലാണ് മൊഠേര ഗ്രാമം. അടുത്തുള്ള വിമാനത്താവളം അഹമ്മദാബാദ്. സമീപ റെയില്‍വേ സ്റ്റേഷന് 25 കിലോ മീറ്റര്‍ മാറിയുള്ള മെഹസാന. അഹമ്മദാബാദില്‍നിന്ന് റോഡ് മാര്‍ഗം 2/2.5 മണിക്കൂര്‍ സഞ്ചരിച്ച് ഇവിടേക്ക് എത്താം.
- സീമ മോഹന്‍ലാല്‍