മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ ടെസ്റ്റ് ഫോർമാറ്റിലെ വിശ്വസ്തനായ താരമായിരുന്ന ചേതേശ്വർ പുജാര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്ന് വിരമിച്ചു. 37-ാം വയസിലാണ് താരം വിരമിക്കുന്നത്. ഇന്ത്യൻ ജെഴ്സിയണിയാനും രാജ്യത്തെ പ്രതിനിധീകരിക്കാനും സാധിച്ചത് വാക്കുകൾക്കതീതമായ ഒരനുഭവമാണെന്ന് പുജാര തന്റെ വിടവാങ്ങൽ കുറിപ്പിൽ പറഞ്ഞു.
“ഇന്ത്യൻ ജെഴ്സിയണിഞ്ഞ്, ദേശീയ ഗാനം ആലപിച്ച്, ഓരോ തവണയും മൈതാനത്തിറങ്ങുമ്പോൾ എന്റെ കഴിവിന്റെ പരമാവധി നൽകാൻ ശ്രമിച്ചു. ഇത് എത്രത്തോളം വലുതാണെന്ന് വാക്കുകളാൽ വിവരിക്കാനാവില്ല. എന്നാൽ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനം ഉണ്ടാകുമെന്നു പറയുന്നത് പോലെ, നിറഞ്ഞ മനസ്സോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും ഞാൻ വിരമിക്കാൻ തീരുമാനിച്ചു,” അദ്ദേഹം വിരമിക്കൽ പ്രസ്താവനയിൽ കുറിച്ചു.
ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായിരുന്നു പൂജാര . 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 43.60 ശരാശരിയിൽ 7,195 റൺസാണ് അദ്ദേഹം നേടിയത്. ഇതിൽ 19 സെഞ്ച്വറികളും 35 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 206 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ.
2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ആണ് പൂജാര ഇന്ത്യക്കായി അവസാനം ടെസ്റ്റില്‍ കളിച്ചത്. ഇന്ത്യ തോറ്റ ഫൈനലില്‍ 14, 27 എന്നിങ്ങനെയായിരുന്നു പൂജാരയുടെ സ്കോര്‍.
ഏകദിനത്തിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 51 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 30 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 390 റൺസും നേടിയിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിലെ വിശ്വസ്തൻ ചേതേശ്വർ പൂജാര വിരമിച്ചു
