കോട്ടയം: ഇന്ന് ഏവര്‍ക്കും പൊന്നിന് ചിങ്ങമാസത്തിലെ തിരുവോണം. ഓണപ്പുടവയണി ഞ്ഞും ഊഞ്ഞാലാടിയും അത്തപ്പൂക്കളമിട്ടും നാടും നഗരവും മാവേലിത്തമ്പുരാനെ സ്മരിച്ച് പൊന്നോണത്തെ വരവേല്‍ക്കും. വീട്ടുകാരൊന്നാകെ സ്നേഹക്കൂട്ടായ്മയില്‍ പൊന്നോണസദ്യ ഒരുക്കും.
തുമ്പപ്പൂച്ചോറും പത്തിരുപതുകൂട്ടം രുചിക്കറികളും പഴവും പായസവും തൂശനിലയില്‍ വിളമ്പിയുണ്ണുന്നതിന്റെ കേരളത്തനിമ ഒന്നു വേറെയാണ്.
നാട്ടിലും വീട്ടിലും പൂക്കള്‍ കുറഞ്ഞതോടെ കടകമ്പോളങ്ങളില്നിന്ന് ബന്തിയും ജമന്തിയും വാടാമുല്ലയും വാങ്ങിവേണം മനോഹരമായ പൂക്കളമൊരുക്കാന്. കുളിച്ചൊരുങ്ങി കസവ് നെയ്ത മുണ്ടും സാരിയും അണിയുമ്പോഴാണ് ഓണപ്രഭയുടെ പ്രതീതിയുണ്ടാകുക.
അടുക്കളവട്ടത്തില്‍ ചിരിവര്ത്തമാനങ്ങളുമായിരുന്നാണ് അരിഞ്ഞും അരച്ചും പെറുക്കിയും ഓണസദ്യ ഒരുക്കുക. പ്രായഭേദമെന്യേ ഒരുമിച്ചിരുന്നുള്ള ഓണസദ്യ ഒരുമയുടെയും സ്നേഹത്തിന്റെയും രുചിഭേദമാണ്. ഉപ്പേരിയും ശര്‍ക്കരവരട്ടിയും പപ്പടവും പായസവും തിരുവോണത്തിന്റെ കേരളരുചിയാണ്.