ഗെയിമിംഗിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനായ യൂട്യൂബറാണ് തൊപ്പി എന്ന നിഹാദ്. യൂട്യൂബ് ചാനലിലൂടെ പലപ്പോഴും അശ്ലീല പദപ്രയോഗങ്ങളും മറ്റും തൊപ്പി ഉപയോഗിക്കാറുള്ളത് തൊപ്പിക്കെതിരേ വിവാദങ്ങൾ ഉയരാൻ കാരണമായി.
മലപ്പുറം വളാഞ്ചേരിയിൽ ഒരിക്കൽ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ലൈംഗിക ചുവ കലർന്ന തൊപ്പിയുടെ പ്രസംഗത്തോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ദേശീയ പാതയിൽ മണിക്കൂറുകൾ ബ്ലോക്ക് ഉണ്ടാക്കിയതിനും തൊപ്പിക്കെതിരേ കേസ് ഉണ്ടായിരുന്നു. പോരാത്തതിന് ബസ് ജീവനക്കാർക്ക് നേരേ തോക്ക് ചൂണ്ടിയതിന് വടകര പോലീസും ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.
ഈ സംഭവങ്ങൾക്കെല്ലാം ശേഷം വിവാദങ്ങളെല്ലാം ഒന്നു കെട്ടടങ്ങി ഇരിക്കുന്പോഴാണ് തൊപ്പി വീണ്ടും വെട്ടിലാകുന്നത്. തൊപ്പിയുടെ സന്തതസഹചാരിയായ മമ്മു എന്ന യുവാവ് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് തൊപ്പിക്ക് വിന ആയത്. താൻ അടുത്ത വീട്ടിലെ പെണ്ണുങ്ങൾ കുളിക്കുന്പോൾ കുളിമുറിയിൽ എത്തി നോക്കിയെന്നും നാട്ടിലെ വീടുകളിലെ ജനലുകൾ കല്ലെറിഞ്ഞ് തല്ലിപ്പൊട്ടിക്കാറും ഉണ്ടായിരുന്നു എന്നാണ് മമ്മുവിന്റെ വെളിപ്പെടുത്തൽ.
എന്നാൽ വീഡിയോ വൈറലായതോടെ സംഭവം വിവാദത്തിലായി. മമ്മു ഉൾപ്പെടുന്ന തൊപ്പിയുടെ യൂട്യൂബ് ചാനൽ നിരോധിക്കണമെന്നാണ് എല്ലാവരും പറഞ്ഞത്. വീഡിയോയിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് ഇവർ കൊടുക്കുന്നതെന്നും ഒരു കൂട്ടർ വിമർശിച്ചു.
എന്നാൽ തൊപ്പിയുടെ യൂട്യൂബ് ചാനലിലൂടെ മമ്മു ക്ഷമ പറഞ്ഞു രംഗത്തെത്തി. താൻ അറില്ലാത്ത പ്രായത്തിൽ ചെയ്തതാണ് ഇതെല്ലാം എന്നാണ് മമ്മുവിന്റെ ന്യായീകരണം. എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും മമ്മു പറഞ്ഞു.