ജനീവ: മുൻനിര രാജ്യങ്ങൾ ധനസഹായം വെട്ടിക്കുറച്ചതോടെ ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യസഹായ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) പ്രതിസന്ധിയിൽ. അടിയന്തരസഹായം ആവശ്യമുള്ള ആറ് രാജ്യങ്ങളിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും ഏകദേശം 1.4 കോടി ആളുകൾ കൊടുംപട്ടിണിയിലാകുമെന്നും ഡബ്ല്യുഎഫ്പി മുന്നറിയിപ്പു നൽകി.
ട്രംപ് ഭരണകൂടവും പാശ്ചാത്യരാജ്യങ്ങളും ധനസഹായം വെട്ടിക്കുറച്ചതോടെ കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുകയാണെന്ന് ഡബ്ല്യുഎഫ്പി. അഫ്ഗാനിസ്ഥാൻ, കോംഗോ, ഹെയ്തി, സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ എന്നിവയാണ് അടിയന്തര സഹായം ആവശ്യമുള്ള രാജ്യങ്ങൾ. കഴിഞ്ഞ വർഷം ഏകദേശം 1,000 കോടി ഡോളർ സഹായമാണ് ലഭിച്ചത്.
ഈ വർഷം രാജ്യങ്ങളുടെ ധനസഹായത്തിൽ 40 ശതമാനം കുറവാണുണ്ടായതെന്ന് സംഘടന അറിയിച്ചു. ആഗോള പട്ടിണി ഇതിനകം റെക്കോർഡ് നിലയിലാണെന്ന് ഡബ്ല്യുഎഫ്പി റിപ്പോർട്ടിൽ പറയുന്നു. 31.90 കോടി ആളുകൾ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്. ഇതിൽ 4.4 കോടി പേർ അടിയന്തരസഹായം ആവശ്യമുള്ളവരാണ്.
ഗാസയിലും സുഡാനിലും ക്ഷാമം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ, ഭക്ഷ്യക്ഷാമം നേരിടുന്നവരിൽ 10 ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമേ സഹായം എത്തുന്നുള്ളൂ. ഈ വർഷം അമേരിക്ക ഏകദേശം 150 കോടി ഡോളർ നൽകുമെന്നാണ് ഡഡബ്ല്യുഎഫ്പി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഇത് ഏകദേശം 450 കോടി ഡോളറായിരുന്നു. മറ്റ് പ്രമുഖ രാജ്യങ്ങളും ധനസഹായം വെട്ടിക്കുറച്ചിട്ടുണ്ട്.