വാഷിംഗ്ടൺ: ഇസ്രായേൽ, ഈജിപ്ത് സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രാത്രി വൈകി യാത്ര തിരിച്ചു. ഈജിപ്തിൽ, വെടിനിർത്തലും ബന്ദികളുടെ മോചനവും ഉറപ്പാക്കുന്ന ഗാസ സമാധാന കരാറിൽ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ ട്രംപ് പങ്കെടുക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി ഗാസ സമാധാന ഉച്ചകോടിയിലും ട്രംപ് അധ്യക്ഷത വഹിക്കും.
രണ്ടുവർഷമായി തുടരുന്ന ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പി ക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പായാണ് ഈ കരാറിനെ കാണുന്നത്. അതിനുമുമ്പ് അദ്ദേഹം ഇസ്രായേൽ സന്ദർശിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സിഐഎ മേധാവി ജോൺ റാറ്റ്ക്ലിഫ് എന്നിവരും ട്രംപിനൊപ്പം ഉണ്ടായിരുന്നു. ഗാസ വെടിനിർത്തലും തടവുകാരെ മോചിപ്പിക്കുന്ന കരാറും യുദ്ധം അവസാനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
ഇസ്രായേലും ഹമാസും തമ്മിലുള്ള “യുദ്ധം അവസാനിച്ചു” എന്ന് ട്രംപ് പറഞ്ഞു. “ഇത് വളരെ പ്രത്യേക സമയമായിരിക്കും. എല്ലാവരും ഈ നിമിഷത്തെക്കുറിച്ച് ആവേശത്തിലാണ്.”-എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.
“ഇതൊരു പ്രത്യേക പരിപാടിയാണ്. സാധാരണയായി, ഒരു വശം സന്തോഷിക്കുമ്പോൾ, മറുവശത്ത് സന്തോഷമില്ല. ഇതാദ്യമായാണ് എല്ലാവരും ആവേശഭരിതരാകുന്നത്, ഇതിന്റെ ഭാഗമാകാൻ കഴിയുന്നത് ഒരു ബഹുമതിയാണ്.ജൂതന്മാരും മുസ്ലീങ്ങളും അറബ് രാജ്യങ്ങളും സന്തുഷ്ടരാണ്. ഇസ്രായേലിനു ശേഷം നമ്മൾ ഈജിപ്തിലേക്കു പോകുകയാണ്, വളരെ ശക്തവും വലുതുമായ രാജ്യങ്ങളുടെയും വളരെ സമ്പന്നമായ രാജ്യങ്ങളുടെയും നേതാക്കളെ നമ്മൾ കാണും, അവരെല്ലാം ഈ കരാറിൽ പങ്കാളികളാണ്.” ട്രംപ് പറഞ്ഞു.