യൂബർ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് നഗരവാസികളാണ്. ഇപ്പോഴിതാ യൂബർ ടാക്സി ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള അടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കത്തിനിടയിൽ യൂബർ ഡ്രൈവർ യാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനത്തിൽ നിന്നും ഇറക്കിവിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം.
ബോംബ് ആസ് ക്രിസി എന്നറിയപ്പെടുന്ന മിയാമി റാപ്പർ ക്രിസി സെലെസ് ആണ് ഒരു സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ തനിക്കുണ്ടായ അനുഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയിൽ ക്രിസിയും സുഹൃത്തും പോകേണ്ട സ്ഥലത്തേക്കുള്ള വഴിയേ ചൊല്ലി യൂബർ ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുന്നത് വീഡിയോയിൽ കാണാം.
ടാക്സി ഓടിച്ചിരുന്നത് ഒരു വനിതാ ഡ്രൈവർ ആയിരുന്നു. വഴക്ക് കൂടുതൽ ആയപ്പോൾ ഡ്രൈവർ ദേഷ്യപ്പെട്ട് അവരോട് വാഹനത്തിൽ നിന്ന് ഇറങ്ങാൻ പറയുന്നത് വീഡിയോയിൽ കാണാം.
പക്ഷേ ക്രിസിയും സുഹൃത്തും വാഹനത്തിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കിയില്ല. മാത്രമല്ല ഡ്രൈവറുടെ പെരുമാറ്റം മോശമാണെന്ന് പറയുകയും ചെയ്തു. ഇതോടെ കൂടുതൽ ദേഷ്യത്തടെ ഡ്രൈവർ വാഹനത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന തോക്ക് അവർക്ക് നേരെ ചൂണ്ടി വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. ഭയന്നുപോയ ക്രിസിയും സുഹൃത്തും വാഹനത്തിൽ നിന്നും വെളിയിൽ ഇറങ്ങി. പെട്ടെന്ന് തന്നെ ഡ്രൈവർ വേഗത്തിൽ കാർ എടുത്ത് പോവുകയും ചെയ്യുന്നതും കാണാം. വീഡിയോ വൈറൽ ആയതോടെ ഡ്രൈവർക്കെതിരേ നിയമനടപടികൾ എടുക്കണമെന്ന് നിരവധി ആളുകൾ അഭിപ്രായപ്പെട്ടു.