നെടുങ്കണ്ടം: ഉടുമ്പൻചോലയിൽ യുവാവിനെ വീടിനുള്ളിൽ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരീ ഭർത്താവ് അറസ്റ്റിൽ. കാരിത്തോട് കൈലാസനാട് മുണ്ടകത്തറപ്പേൽ പൊൻറാമിന്റെ മകൻ ചിന്ന തമ്പി എന്നു വിളിക്കുന്ന പി. നാഗരാജ്(33)ആണ് അറസ്റ്റിലായത്. ഉടുമ്പൻചോല കാരിത്തോട് സ്വദേശി ശങ്കിലി മുത്തു – സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ്(30)ആണ് കൊല്ലപ്പെട്ടത്. സോൾരാജിന്റെ സഹോദരീഭർത്താവാണ് നാഗരാജ്.
കൊലപാതകം നടന്ന ദിവസം പ്രതി നാഗരാജിനെ നെടുങ്കണ്ടം എക്സൈസ് ആറു ലിറ്റർ മദ്യവുമായി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജ്യാമത്തിലിറങ്ങി വീട്ടിലെത്തുമ്പോൾ സോൾരാജ് മാതാപിതാക്കളെ ആക്രമിച്ച വിവരമറിഞ്ഞ് വീട്ടിൽ കിടന്നുറങ്ങിയിരുന്ന സോൾരാജിനെ നാഗരാജ് കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസിന് മൊഴിനൽകിത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ സോൾരാജിനെ കണ്ടെത്തിയത്. ഉറങ്ങുന്നതിനിടെ നാഗരാജ്, സോൾ രാജിന്റെ കഴുത്ത് അറത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന്റെ നിർദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ മാരായ അനൂപ്മോൻ, ജർലിൻ വി. സ്കറിയ, ടി.സി. മുരുകൻ, എസ്ഐമാരായ മഹേഷ്, ദിജു ജോസഫ്, എഎസ്ഐമാരായ അൻഷദ് ഖാൻ, സുബൈർ, എസ്സിപിഒമാർ എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.