തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പോരുകടുപ്പിച്ച് വിസിയും സിന്‍ഡിക്കേറ്റും. സിന്‍ഡിക്കേറ്റ് തിരിച്ചെടുത്ത രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിന്റെ അവധിഅപേക്ഷ ഇന്നലെ വി.സി. മോഹനന് കുന്നുമ്മേല്‍ തള്ളിയിരുന്നു.സസ്പെന്‍ഷനിലുള്ള ആളിന്റെ അവധി അപേക്ഷ പരിഗണിക്കില്ലെന്നു വിസി നിലപാട് സ്വീകരിച്ചിരുന്നു.
എന്നാല്‍, തന്നെ സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തുവെന്ന ന്യായം അനില്‍ കുമാര്‍ ഉന്നയിച്ചു. സര്‍വകലാശാലയില്‍ പ്രവേശിക്കരുതെന്ന് വിസി. മോഹനന് കുന്നുമ്മേല്‍ അനില്‍കുമാറിനോടു നിര്‍ദേശിക്കുകയും മിനി കാപ്പനെ പുതിയ രജിസട്രാറായി നിയമിച്ച് ഉത്തരവിറക്കുകയും ചെയ്തു.
വിസിയെ തടയാന്‍ ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളും ഡിവൈഎഫ്ഐയും സര്വകലാശാലയ്ക്കുപുറത്ത് രാവിലെ തമ്പടിച്ചിന്നെങ്കിലും വിസി എത്തിയപ്പോൾ ആരും തടഞ്ഞില്ല. അതേസമയം അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത് പ്രവേശിക്കുന്നതു തടയാന്‍ വൈസ് ചാന്‍സലര്‍ സെക്യൂരിറ്റി ഓഫീസര്‍ക്കു നിര്‍ദേശം നല്കി.
ഇരുവിഭാഗങ്ങളും നേര്‍ക്കുനേര്‍ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ടുപോകുന്നതു സര്‍വകലാശാലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സര്‍വകലാശാലയ്ക്ക് അകത്തും പുറത്തും കനത്ത സുരക്ഷാസംവിധാനം പോലീസ് ഒരുക്കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം സര്‍വകലാശാലാ ആസ്ഥാനത്ത് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. നാശനഷ്ടം വരുത്തിയതിന്റെ പേരില്‍ എസ്എഫ്ഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരെ വിട്ടയയ്ക്കാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.