പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വള്ളസദ്യ ദിവസത്തെ ആചാരലംഘനം സംബന്ധിച്ച വിവാദത്തിനു പിന്നില്‍ ദേവസ്വം ബോര്‍ഡ് – പള്ളിയോട സേവാസംഘം തര്‍ക്കമെന്നു സൂചന. ക്ഷേത്രത്തില്‍ വള്ളസദ്യ നടത്തുന്നതിന്റെ അവകാശത്തെച്ചൊല്ലി നിലനിന്ന തര്‍ക്കത്തിനിടെയാണ് പുതിയ വിവാദം.
വള്ളസദ്യ നടത്തിപ്പില്‍ കാര്യമായ പങ്കില്ലാതിരുന്ന ക്ഷേത്രോപദേശകസമിതിയും വിവാദത്തിന്റെ ചുവടു പിടിച്ചെത്തുകയായിരുന്നു. അഷ്ടമിരോഹിണി ദിവസം ആചാരലംഘനം വിഷയം സംബന്ധിച്ച് നേരത്തെ ആരോപണമുണ്ടായെങ്കിലും തന്ത്രിക്ക് ഇതു സംബന്ധിച്ച് ദേവസ്വം ഉദ്യോഗസ്ഥര്‍ കത്തു നല്‍കിയത് ഏറെ വൈകിയാണ്. ഇക്കാര്യങ്ങള്‍ പള്ളിയോട സേവാസംഘം ഇന്നലെ ചൂണ്ടിക്കാട്ടുകയും ചെയ്തു.
ശബരിമലയുമായി ബന്ധപ്പെട്ട സ്വര്‍ണക്കൊള്ള വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ ആറന്മുളയില് മറ്റൊരു വിവാദത്തിനുള്ള ശ്രമമാണ് നടത്തിയതെന്നാണ് സൂചന.തന്ത്രി നല്കിയ മറുപടി പ്രകാരം പ്രായശ്ചിത്തം നടത്തേണ്ടത് പള്ളിയോട സേവാസംഘമാണ്.
ആചാരലംഘനത്തെ സംബന്ധിച്ച വിവാദം ആസൂത്രിതമെന്നാണ് മന്ത്രി വി.എന്‍. വാസവനും പ്രതികരിച്ചത്. ഇതിനു പിന്നില്‍ ചില കുബുദ്ധികളാണെന്നും അദ്ദേഹം പറഞ്ഞു. അഷ്ടമിരോഹിണിക്കുശേഷം 31 ദിവസങ്ങള്‍ കഴിഞ്ഞ് ഇത്തരത്തിലൊരു പ്രചാരണം വന്നതിനു പിന്നിലെ ഗൂഢാലോചന സംശയിക്കപ്പെടേണ്ടതാണ്.