കൊല്ലം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്.
നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചിട്ടുമുണ്ട്.
ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് രാജീവ് ചന്ദ്രശേഖർ മന്ത്രിയെ നേരിൽ കണ്ട് അഭ്യർഥന നടത്തിയിരുന്നു. ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു.
നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം – ബംഗളൂരു റൂട്ടിലാണ്. മാത്രമല്ല മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിതമായ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു. പുതിയ വന്ദേ ഭാരത് സർവീപ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.