ചിങ്ങവനം: ഓളപ്പരപ്പില്‍ കരിനാഗങ്ങളെപ്പോലെ ചുണ്ടനും വെപ്പും ഇരുട്ടുകുത്തിയും പള്ളിയോടങ്ങളുമൊക്കെ പറന്നുവരുന്ന വിസ്മയത്തിനു പിന്നില്‍ ചിങ്ങവനത്തെ ഒരു നിര തൊഴിലാളികളുടെ അധ്വാനമുണ്ട്. വള്ളങ്ങള്‍ക്ക് കുതിക്കാന്‍ കരുത്തായി മാറുന്ന തുഴകളേറെയും പണിതൊരുക്കുന്നത് ഇവിടത്തെ പണിശാലയിലാണ്.
പനച്ചിക്കാട്, പാറക്കുളത്ത് മ്ലാംതടത്തില്‍ ബിനുവിന്റെ വേമ്പനാട് തുഴനിര്മാണ ശാലയില്‍ വള്ളംകളികള്‍ക്ക് മുന്നോടിയായി തൊഴിലാളികള്‍ ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള പണിയിലാണ്. വീശിത്തുഴയുന്ന വിവിധ തരം തുഴകള്‍ പണിതൊരുക്കുക ക്ലേശകരമായ അധ്വാനമാണ്. മൂപ്പെത്തിയ ചൂണ്ടപ്പന വെട്ടിക്കീറി ചെത്തി രാകി മിനുക്കി വേണം പരുവപ്പെടുത്താന്‍.
കേരളത്തിലെ ഒട്ടുമുക്കാലും പേരെടുത്ത വള്ളങ്ങള്‍ക്കും പാറക്കുളത്തെ വേമ്പനാടില്നിന്നാണ് തുഴ കൊടുക്കുന്നതെന്ന് ഉടമ ബിനു പറയുന്നു.മൂപ്പെത്തിയ പന കിട്ടാനില്ലെന്നത് ഇക്കാലത്ത് വലിയ പരിമിതിയാണ്. കയറ്റിറക്ക് കൂലി വര്‍ധന, വെട്ടുകൂലി വർധന ഇവയെല്ലാം സാരമായി ബാധിക്കുന്നുണ്ട്.
കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നു മാത്രമേ പരുവമൊത്ത പന ലഭിക്കുകയുള്ളൂ. 500 രൂപ മുതല്‍ മുകളിലേക്കാണ് വില. തോട്ടങ്ങളിലും ഉള്പ്രദേശങ്ങളിലുംനിന്ന് വെട്ടുന്ന പനകള്‍ വാഹനങ്ങളിലെത്തിക്കുന്നതും ശ്രമകരമാണ്. അഞ്ച്, ആറ്, പത്ത് അടി കണക്കിലാണ് ബോട്ട് ക്ലബ്ബുകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് നിര്‍മാണം.
മുമ്പ് ചുണ്ടന് വള്ളങ്ങളുടെ തുഴകള്‍ അഞ്ച് ഇഞ്ച് വീതിയിലാണ് നിര്മിച്ചിരുന്നെങ്കില് ഇപ്പോള്‍ ഏഴ്, ഏഴര, എട്ട് ഇഞ്ച് വരെ വീതിയിലാണ് പണിയുന്നത്. ഇതിനനുസരിച്ചാണ് തടി മഴു ഉപയോഗിച്ച് കീറിയെടുക്കുന്നത്. യന്ത്രോപകരണങ്ങള്‍ ഒന്നുമില്ലാതെ ഉളിയും ചിന്തേരുംകൊണ്ടു തുഴ പരുവപ്പെടുത്തി സാന്‍ഡ് പേപ്പറും ഗ്രൈന്‍ഡറും ഉപയോഗിച്ച് മിനുക്കിയെടുക്കും.
പേരമര തടിയില്‍ തീര്‍ത്ത പിടികൂടി വയ്ക്കുന്നതോടെ നിര്‍മാണം പൂര്‍ത്തിയായി. പരിചയ സമ്പന്നനായ തൊഴിലാളിക്ക് നാല് മണിക്കൂര്‍ വേണം ഒരു തുഴ പണി തീര്‍ക്കാന്‍.ചുണ്ടന് വള്ളങ്ങള്‍ക്ക് 80 മുതല്‍ 100 വരെയാണ് തുഴകളുടെ എണ്ണം. ചെലവും അധ്വാനവും നോക്കിയാല്‍ പണിക്കൂലി പോലും ലഭിക്കാത്ത നിലയിലാണ് തുഴനിര്മാണമെന്ന് തൊഴിലാളികള്‍ പറയുന്നു.
- കെ.എന്‍. ബാബു