അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിൽ പല കാര്യങ്ങളും സംഭവിക്കാറുണ്ട്. നടന്നു പോകുന്ന വഴി ഒരു അപരിചിതൻ നമുക്ക് മുന്നിൽ വന്ന് നമ്മുടെ ചിത്രം വരച്ചു തന്നാലോ അല്ലങ്കിൽ നമുക്ക് ഇഷ്ടമുള്ള ഭക്ഷണം വാങ്ങി തന്നാലോ ഒക്കെ ആശ്ചര്യവും ഞെട്ടലുമൊക്കെയാണ് ഉണ്ടാകുന്നത്.
ഒരു നിമിഷത്തേക്ക് പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കാത്ത അവസ്ഥയാണ്. അത്തരമൊരു അവസ്ഥയാണ് കഴിഞ്ഞ ദിവസം വിമാനയാത്രയ്ക്കിടെ അതിലെ ഒരു ജീവനക്കാരിക്ക് ഉണ്ടായത്.
ഡിജിറ്റൽ ആർട്ടിസ്റ്റായ ആയുഷി സിംഗ് തന്റെ വിമാന യാത്രയ്ക്കിടെ ഡിജിറ്റൽ ടാബ്ലെറ്റും തന്റെ വിരലുകളും ഉപയോഗിച്ചുകൊണ്ട് വിമാനത്തിലെ ജീവനക്കാരിയായ മുംതയുടെ ചിത്രം വരച്ചു. യാത്രയ്ക്കിടെ പെട്ടന്നുണ്ടായ തോന്നലിന്റെ പുറത്താണ് ആയുഷി ചിത്രം വരച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ചിത്രം പൂർത്തിയായപ്പോൾ ആയുഷി മുംതയോട് തന്റെ സീറ്റിനരികിലേക്ക് വരാൻ പറഞ്ഞു. മുംത എത്തി ‘എന്തെങ്കിലും സഹായം വേണോ മാം’ എന്ന് ആയുഷിയോട് ചോദിച്ചു. ഹായ് മുംതാ, നിങ്ങൾ ഈ വിമാനത്തിൽ നിർദ്ദേശങ്ങൾ നൽകി ഞങ്ങളെ സഹായിക്കുന്നത് കണ്ടു, അങ്ങനെ ഞാൻ നിങ്ങളുടെ ഒരു ചിത്രം വരച്ചു എന്ന് ആയുഷി അവരോട് മറുപടി പറഞ്ഞു.
പിന്നാലെ ചിത്രം കാണിച്ചുകൊടുക്കുന്നു. മുംതയ്ക്ക് ആ ചിത്രം വളരെ വളരെ ഇഷ്ടപ്പെട്ടു എന്ന് അവളുടെ പ്രതികരണത്തിൽ നിന്നുതന്നെ മനസിലാക്കാം. അവൾ അതിന്റെ ഒരു ചിത്രം എടുത്തോട്ടെ എന്നും ചോദിക്കുന്നുണ്ട്. ചിത്രവുമായി നിൽക്കുന്ന മുംതയേയും വീഡിയോയിൽ കാണാം.