കൊച്ചി: പ്രശസ്ത സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നടന് കരള്‍ മാറ്റിവയ്ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് കരള്‍ നല്‍കാനായി മകള്‍ തയാറായിരുന്നു. നടന്റെ ചികിത്സയ്ക്കായി 30 ലക്ഷത്തോളം രൂപ ചെലവു വരുമായിരുന്നു. സഹപ്രവര്‍ത്തകരും മറ്റും ഇതിനായി ചികിത്സാ സഹായനിധിയിലേക്ക് പണം സമാഹരണം നടത്തിവരുകയായിരുന്നു.
നടന് കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാര്‍ത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്. വില്ലന്‍ വേഷങ്ങളിലൂടെയാകും പ്രേക്ഷകരില്‍ ഭൂരിഭാഗം പേര്‍ക്കും അദ്ദേഹം പരിചിതനായിരുന്നു.
വിനയന് സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്സണ്, ലോകനാഥന് ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളിലും വിഷ്ണുപ്രസാദ് സജീവമായി.