മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. തുടക്കം എന്നാണ് ചിത്രത്തിന്റെ പേര്. ആശീർവാദ് സിനിമാസ് നിർമിക്കുന്ന 37-ാം ചിത്രത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം.
വിസ്മയയെവച്ച് സിനിമ ചെയ്യുന്നത് ഒരു നിയോഗമായി കാണുന്നു എന്ന് ജൂഡ് ആന്തണി പറഞ്ഞു. ഇതൊരു ‘ആന്റണി -ജൂഡ് ‘ ‘തുടക്ക’മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷിക്കുന്നു എന്നും ജൂഡ് പറഞ്ഞു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെക്കുറിച്ച് ജൂഡ് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റേയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏൽപിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും.
നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി… കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു ‘ആന്റണി -ജൂഡ് ‘ ‘തുടക്ക’മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ…