കൊച്ചി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാലോകം. “പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികള്‍’ എന്നാണ് നടന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
‘ജീവിതം തന്നെ സമരമാക്കിയ ജനനായകന്, പ്രിയപ്പെട്ട സഖാവ് വി.എസിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസില്‍ അദ്ദേഹത്തിന് മരണമില്ല’, എന്നാണ് നടന് മോഹന്‍ലാലിന്റെ വാക്കുകള്‍.
“വി.എസ്.അച്യുതാനന്ദന്റെ കാല്പാദത്തില് ഒരു മുറിവിന്റെ മായാത്ത പാടുള്ളതായി ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഓര്‍മയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി’- എന്ന് നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായിരുന്നു അച്യുതാനന്ദനെന്നും കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടമായത് ഒരു യഥാര്‍ഥ ജനകീയ ചാമ്പ്യനെ ആണെന്നും നടന് കമല്ഹാസന് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.