ആശുപത്രിയിൽ വച്ച് വിവാഹം ചെയ്ത ദന്പതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വധുവായ നന്ദിനി സോളങ്കി കല്യാണം നടക്കുന്നതിനു ഏതാനും ദിവസങ്ങൾക്ക് മുൻപ് അസുഖം ബാധിതയായി.
ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മാറിയില്ല. പിന്നാലെ 25 കിലോമീറ്റര്‍ അകലെയുള്ള ബീനാഗഞ്ചിലേക്കും അവിടെ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബിയോറയിലേക്കും യുവതിയെ മാറ്റി. അങ്ങനെ പതിയെ നന്ദിനിയുടെ രോഗം ഭേദമാകാൻ തുടങ്ങി. എങ്കിലും ഡോക്ടർമാർ പൂർണ റെസ്റ്റാണ് പറഞ്ഞത്.
അപ്പോഴേക്കും നന്ദിനിയുടെ വിവാഹത്തിന്റെ തിയതി അടുത്തു വന്നിരുന്നു. ഡോക്ടർമാർ വിവാഹം നീട്ടി വയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ നിശ്ചയിച്ച് ഉറപ്പിച്ച തിയതിയിൽ വിവാഹം നടത്തിയില്ലങ്കിൽ രണ്ട് വർഷം കഴിഞ്ഞേ അടുത്ത മുഹൂർത്തം ഉണ്ടാവുകയുള്ളു എന്ന് വീട്ടുകാർ പറഞ്ഞു.
അങ്ങനെ ആശുപത്രിയുടെ താഴത്തെ നിലയില്‍ വിവാഹ വേദി ഒരുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിൽ പന്തലൊരുങ്ങി. വളരെ കുറച്ച് അതിഥികളുമെത്തി. ഡോക്ടർമാരും മറ്റ് രോഗികളും വിവാഹ ചടങ്ങിൽ സന്നിഹിതരായി. വരനായ ആദിത്യയും ആശുപത്രിയിലെത്തി. വിവാഹ വേദി ആശുപത്രിയായതിനാല്‍ ബാൻഡ്-ബാജ പോലുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കപ്പെട്ടു.
മുഹൂർത്ത സമയം ആയപ്പോഴേക്കും ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും പ്രത്യേക നിരീക്ഷണത്തില്‍ ആശുപത്രി ബെഡില്‍ നിന്നും നന്ദിനിയെ തന്റെ ഇരുകൈകളിലും ചുമന്ന് ആദിത്യ വിവാഹ വേദിയിലെത്തിച്ചു.
ചടങ്ങിൽ വധൂവരന്മാരെ പൂക്കളിട്ട് പങ്കെടുത്തവരെല്ലാം ആശീർവദിച്ചു. വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കാഴ്ചക്കാരായ സമൂഹ മാധ്യമ ഉപയോക്താക്കൾ വരനെയും വധുവിനെയും സ്നേഹവാക്കുകൾ കൊണ്ട് മൂടി.