ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നറും രണ്ടാം നമ്പര്‍ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസും തമ്മിലുള്ള ക്ലാസിക്. സെന്റര്‍ കോര്‍ട്ടില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സ്റ്റാര്‍സ്പോര്‍ട്സ് ചാനലുകളിലും ജിയോഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
കഴിഞ്ഞ മാസം നടന്ന 2025 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും സിന്നറും അല്കരാസുമായിരുന്നു ഏറ്റുമുട്ടിയത്. റോജര്‍ ഫെഡററിനും റാഫേല്‍ നദാലിനും ശേഷം ഒരു സീസണില്‍ ഫ്രഞ്ച് ഓപ്പണിന്റെയും വിംബിള്‍ഡണിന്റെയും ഫൈനലില്‍ ഏറ്റുമുട്ടുന്നവരാണ് സിന്നറും അല്‍കരാസും. 2006-08 കാലഘട്ടത്തിലാണ് ഫെഡററും നദാലും ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ ഫൈനലുകളില്‍ തുടരെ ഏറ്റുമുട്ടിയത്.
5-ാം ഫൈനല്‍; 2025ല്‍ മൂന്ന്
യാനിക് സിന്നറും കാര്‍ലോസ് അല്‍കരാസും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇത് അഞ്ചാം തവണ. 2022 ക്രൊയേഷ്യ ഓപ്പണിലാണ് ഇരുവരും ആദ്യമായി ഒരു ഫൈനലില്‍ ഏറ്റുമുട്ടുന്നത്. അന്ന് സിന്നര്‍ ജയം സ്വന്തമാക്കി. പിന്നീട് 2024 ചൈന ഓപ്പണ്‍ ഫൈനലില്‍ അല്‍കരാസ് വെന്നിക്കൊടി പാറിച്ചു.
2025ല്‍ ഇതു മൂന്നാം തവണയാണ് സിന്നറും അല്‍കരാസും കിരീടത്തിനായി നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. മേയില്‍ ഇറ്റാലിയന്‍ ഓപ്പണിലും ജൂണില്‍ ഫ്രഞ്ച് ഓപ്പണിലും ഇരുവരും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ അല്കരാസിനായിരുന്നു ജയം. അതായത്, ഇരുവരും തമ്മിലുള്ള അവസാന മൂന്ന് ഏറ്റുമുട്ടലും ഫൈനലിലായിരുന്നു. അതില്‍ മൂന്നിലും അല്‍കരാസ് ജേതാവുമായി. കരിയറില്‍ ഇരുവരും 12 തവണ നേര്‍ക്കുനേര്‍ ഇറങ്ങി, സിന്നര്‍ നാല് ജയം നേടിയപ്പോള്‍ എട്ട് മത്സരത്തില്‍ അല്‍കരാസ് ആധിപത്യം പുലര്‍ത്തി.
2025 വിംബിള്‍ഡണ്‍ സെമിയില്‍ സെര്‍ബിയന്‍ ഇതിഹാസമായ നൊവാക് ജോക്കോവിച്ചിനെ (6-3, 6-3, 6-4) ഏകപക്ഷീയമായി കീഴടക്കിയാണ് സിന്നറിന്റെ ഫൈനല്‍ പ്രവേശം. അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സിനെയാണ് (6-4, 5-7, 6-3, 7-6 (8-6) അല്‍കരാസ് സെമിയില്‍ കീഴടക്കിയത്.
സിന്നര്‍, അല്‍കരാസ് @ 11
കഴിഞ്ഞ രണ്ടു തവണയും വിംബിള്‍ഡണ്‍ ജേതാവായ അല്‍കരാസിന് ഇത് ഹാട്രിക് ഫൈനല്‍. ഓപ്പണ്‍ കാലഘട്ടത്തില്‍ വിംബിള്‍ഡണില്‍ ഹാട്രിക് ഫൈനല്‍ കളിക്കുന്ന 11-ാമത് പുരുഷ സിംഗിള്‍സ് താരമാണ് അല്‍കരാസ്.
ഓപ്പണ്‍ കാലഘട്ടത്തില്‍ നാലു ഗ്രാന്‍സ്ലാമിന്റെയും ഫൈനലില്‍ പ്രവേശിക്കുന്ന 11-ാമനാണ് സിന്നര്‍. അഞ്ച് ഗ്രാന്സ്ലാം ജേതാവായ അല്‍കരാസ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇതുവരെ ഫൈനലില്‍ പ്രവേശിച്ചിട്ടില്ല. മൂന്ന് ഗ്രാന്സ്ലാം ജേതാവായ സിന്നര്‍ ഇതുവരെ വിംബിള്‍ഡണ്‍ നേടിയിട്ടില്ല.