കൊച്ചി: കൊച്ചി നഗരത്തില്‍നിന്ന് ചൈന വൈറ്റ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുന്തിയ ഇനം ഹെറോയിന്‍ പിടിച്ചെടുത്ത സംഭവത്തില്‍ തുടരന്വേഷണത്തിന് എക്സൈസ് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടി.
സെന്‍ട്രല്‍ ഇന്റലിജന്‍സ് ബ്യൂറോ, നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ എന്നിവയുടെ സഹായമാണ് തേടിയിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തേയ്ക്ക് വന്‍ തോതില്‍ സിന്തറ്റിക് ഡ്രഗ് എത്തിച്ച് നല്കുന്ന സംഘത്തിലെ പ്രധാനി അസം നാഗോണ്‍ സ്വദേശി ഇസാദുള്‍ ഹക്ക് (ചോട്ട മിയാന്‍- 25) എന്നയാളെ എറണാകുളം എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെയും എറണാകുളം ടൗണ്‍ റേഞ്ചിന്റെയും സംയുക്ത നീക്കത്തില്‍ പിടികൂടിയിരുന്നു.
ഇയാളുടെ പക്കല്‍നിന്ന് ഉപഭോക്താക്കളുടെ ഇടയില്‍ “ചൈന വൈറ്റ്’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുന്തിയ ഇനം ഹെറോയിന്റെ 30 ഗ്രാം പിടികൂടുകയുണ്ടായി.
കരീംഗഞ്ചിലെത്താന് കടമ്പയേറെ
അസമിലെ കരീംഗഞ്ച് എന്ന സ്ഥലത്ത് നിന്നാണ് ഇയാള്‍ കേരളത്തിലേക്ക് വന്‍ തോതില്‍ മയക്ക് മരുന്ന് എത്തിച്ചിരുന്നത്. നഗരത്തില്‍ അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികളും മറ്റും സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ ഓര്‍ഡര്‍ പ്രകാരമാണ് ഇയാള്‍ മയക്ക് മരുന്ന് എത്തിക്കുന്നത്.
ഹിന്ദു ദൈവങ്ങളുടെ പ്ലാസ്റ്റര്‍ ഓഫ് പാരീസ് പ്രതിമകളില്‍ മയക്കുമരുന്ന് നിറച്ച് എത്തിക്കുന്നതായും സൂചനയുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിമകള്‍ പൊട്ടിച്ചു പരിശോധന നടത്തിയാല്‍ അത് വിശ്വാസലംഘനം നടത്തിയെന്ന ആരോപണമുയരുമെന്ന ഭീതിയും അന്വേഷണ സംഘങ്ങള്‍ക്കുണ്ട്.
കരീംഗഞ്ച് ലഹരിമാഫിയയുടെ താവളമാണ്. ഇവിടെ നിന്ന് തുച്ഛമായ വിലയ്ക്ക് ലഹരി വാങ്ങാനാകും. 100 മില്ലി ഗ്രാം അടങ്ങുന്ന ചെറിയ പാക്കറ്റിന് 2000 രൂപയാണ് ചോട്ടാ മിയാന്‍ ഈടാക്കിയിരുന്നത്.
എന്നാല്‍ ഈ പ്രദേശത്തേക്ക് അന്വേഷണ സംഘത്തിന് എത്തണമെങ്കില്‍ കടമ്പകള്‍ ഏറെയുണ്ടുതാനും. ട്രെയിനുകളില്‍ ഇപ്പോള്‍ പരിശോധന കര്‍ശനമായതിനാല്‍ കരീംഗഞ്ചില്നിന്ന് ബസ് മാര്‍ഗം പ്രതിമകളുമായിട്ടെന്ന വ്യാജേനയാണ് ലഹരി സംഘം ഓരോ സംസ്ഥാനങ്ങളിലേക്കും പോകുന്നതെന്നാണ് എക്സൈസ് സംഘം പറയുന്നത്.
കൊച്ചിയിലേക്ക് ലഹരിയെത്തിക്കുന്ന സംഘത്തെ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പിടികൂടാനുള്ള നീക്കത്തിലാണ് എക്സൈസ് സംഘം.
ചൈന വൈറ്റ് അത്യന്തം വിനാശകാരി
അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ഹെറോയിനാണ് “ചൈന വൈറ്റ്’. മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാല്‍ തന്നെ ഇതിന്റെ രാസലഹരി മണിക്കൂറുകളോളം നിലനില്ക്കും.
തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ തടസപ്പെടാനും മരണം വരെ സംഭവിക്കാനും ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഈ ഇനത്തില്‍പ്പെടുന്ന അഞ്ച് ഗ്രാം മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.