തൃശൂര്‍: നഗരത്തില്‍ സ്വരാജ് റൗണ്ടിലും മറ്റു സ്ഥലങ്ങളിലും റോഡ് മുറിച്ചുകടക്കാന്‍ അതിസാഹസിക തയുള്ള വര്‍ക്കേ സാധിക്കൂ. പല സ്ഥലത്തും സീബ്രാ ലൈനുകള്‍ മാഞ്ഞു കിടക്കുകയാണ്. പഴയ ലൈനുകള്‍ ഉള്ള സ്ഥലത്തിലൂടെ കാല്‍നടക്കാര്‍ കടക്കുമ്പോള്‍ വാഹനം ഇടിക്കാതെ രക്ഷപ്പെടുന്നതു ഭാഗ്യത്തിനാണ്. മാഞ്ഞുപോയ സീ ബ്രാ ലൈനുകള്‍ വരയ്ക്കാനോ കാല്‍നടക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാനുള്ള സൗക ര്യം ഒരുക്കാനോ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കാറില്ല. കോര്‍പറേഷനും ട്രാഫിക് പോലീസുമാണ് നഗരത്തിലെ കാല്‍നടക്കാര്‍ക്കു സുഗമമായി റോഡ് മുറിച്ചുകടക്കാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത്.
എന്നാല്‍ വാഹനത്തില്‍ കറങ്ങുന്ന ഇവര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറേയില്ല. സാധാരണക്കാരായ കാല്‍നടക്കാര്‍ എങ്ങനെയെങ്കിലും റോഡ് മുറിച്ചുകടന്നോളുമെന്നാണ് ഇവരുടെ ധാരണ. ഇത്തരത്തില്‍ ജീവന് കൈയില്‍ പിടിച്ച് റോഡ് മുറിച്ചുകടന്ന വീട്ടമ്മയാണ് ഇന്നലെ എംഒ റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു മരിച്ചത്.
കോര്പറേഷന് ഓഫീസിനടുത്തുള്ള സീബ്രാ ലൈനിലാണ് സംഭവം. സീബ്രാലൈനിലൂടെ കാല്‍നടയാത്രക്കാര്‍ക്കു സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സാഹചര്യം പോലീസും ചെയ്തുകൊടുക്കേണ്ടതാണ്. എന്നാല്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും സീബ്രാലൈനിനു സമീപം പോലീസ് ഉണ്ടാകാറില്ല. സീബ്രാലൈനില്‍ കാല്‍നടക്കാര്‍ കാല് ചവിട്ടിയാല്‍ വാഹനങ്ങള്‍ നിര്‍ത്തണമെന്നാണ് നിയമം.
എന്നാല്‍ കാല്‍നടക്കാര്‍ ഓടിമാറേണ്ടി വരുമെന്നല്ലാതെ വാഹനങ്ങള്‍ ഇവരെ കണ്ടാല്‍ നിര്‍ത്താറില്ല. റോഡിനു നടുക്കെത്തിയാലും വാഹനങ്ങള്‍ ചീറിപ്പാഞ്ഞാണ് കാല്‍നടക്കാരുടെ നേരെ എത്തുന്നത്. പിന്നെ ഏതെങ്കിലും സൈഡിലേക്ക് ഓടി മാറുകയേ രക്ഷയുള്ളൂ. വാഹനങ്ങള്‍ നിര്‍ത്തിയാല്‍ തന്നെ ഡ്രൈവര്‍മാര്‍ക്കു ക്ഷമയില്ലാത്തതിനാല് റോഡ് മുറിച്ചു കടക്കുന്നവര്‍ റോഡില്‍ നിന്ന് കയറുന്നതിനു മുമ്പുതന്നെ വാഹനമെടുക്കും. പലപ്പോഴും മത്സരയോട്ടത്തിനു തയാറായി നില്ക്കുന്നതു പോലെയാണ് വാഹനങ്ങള്‍ അതിവേഗത്തില്‍ എടുക്കാറ്.
സ്വരാജ് റൗണ്ടില്‍ റോഡ് മുറിച്ചുകടക്കുന്നവരുടെ കഷ്ടപ്പാട് നിത്യസംഭവമാണ്. സ്വരാജ് റൗണ്ടില്‍ നായ്ക്കനാലില്‍ മാത്രമാണ് സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെയും ചിലപ്പോഴൊക്കെ റെഡ് സിഗ്നല്‍ കത്തിയാലും വാഹനങ്ങള്‍ മുന്നോട്ടെടുക്കുന്നതു കാണാം. പോലീസ് കര്‍ശന നടപടിയെടുക്കാത്തതിനാല്‍ ഇത്തരക്കാര്‍ വീണ്ടും സിഗ്നല്‍ തെറ്റിച്ച് പായാറുണ്ട്. ഇവിടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചതിനെതുടര്‍ന്നാണ് സിഗ്നല്‍ ഏര്‍പ്പെടുത്തിയത്.