ചിറയിന്‍കീഴ്: അഞ്ചുതെങ്ങ് നെടുങ്ങണ്ടയില്‍ അറുപത്തിയെട്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്ങണ്ട സ്വദേശി അനസ് (30) ആണ് അറസ്റ്റിലായത്. കടയ്ക്കാവൂര്‍ സിഐ. ജി.ബി. മുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് ഒറ്റക്ക് താമസിക്കുകയായിരുന്ന വയോധികയുടെ വീട്ടിലെ കതക് തകര്‍ത്ത് പ്രതി വയോധികയെ ക്രൂരമായി ദേഹോപദ്രവമേല്‍പ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമാണ് പ്രതി വയോധികയെ ദേഹോപദ്രവമേല്‍പ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്.
പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിവരം സമീപവാസിയായ ജനപ്രതിനിധിയോട് പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. വര്‍ക്കലയിലുള്ള മകളോടൊപ്പമാണ് വയോധിക താമസിച്ചു വന്നിരുന്നത്. മാസത്തിലൊരിക്കല്‍ നെടുങ്ങണ്ടയിലെ വീട്ടിലെത്തി വീട് വൃത്തിയാക്കി അടുത്ത ദിവസം മടങ്ങുകയായിരുന്നു പതിവ്. തിങ്കളാഴ്ച ദിവസം വീട്ടില്‍ കിടന്നുറങ്ങവെയാണ് വയോധികയെ പീഡിപ്പിച്ചത്.