പരസ്പരം കണ്ടാല്‍ നോക്കാത്തവണ്ണം വിശാലും ശരത്ത് കുമാറും തമ്മില്‍ ഉടക്കാണെന്ന കാര്യം തമിഴകത്തെല്ലാവര്ക്കും അറിയാമെങ്കിലും ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മിയുമായുള്ള വിശാലിന്റെ പ്രണയത്തിന് ഇതുവരെ തടസ്സമൊന്നും നേരിട്ടിട്ടില്ല. അടുത്ത വര്‍ഷം വിശാല്‍ വരലക്ഷ്മിയെ വിവാഹം ചെയ്യുമെന്നാണ് വാര്‍ത്തകള്‍.
ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അടുത്ത വര്‍ഷം താന്‍ വിവാഹിതനാകുമെന്ന് വിശാല്‍ പറഞ്ഞിരുന്നുവെങ്കിലും വധു വരലക്ഷ്മി യാണോ എന്ന ചോദ്യത്തോട് വിശാല്‍ മൗനം പാലിച്ചു. നടികര്‍ സംഘത്തിന്റെ കെട്ടിടം പണി പൂര്‍ത്തിയായാല്‍ താന്‍ വിവാഹം കഴിക്കും എന്ന് വിശാല്‍ മുമ്പ് അറിയിച്ചിരുന്നു. അടുത്ത വര്‍ഷം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നും അതോടെ വിവാഹവും അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് വിശാല്‍ അറിയിച്ചത്. നടികര്‍ സംഘത്തിന്റെ വിഷയത്തിലാണ് വിശാലും ശരത്ത് കുമാറും തമ്മില്‍ തെറ്റിപ്പിരിഞ്ഞത്.