പേരൂര്‍ക്കട: അടുപ്പുകൂട്ടാന്‍ പാറയില്‍ 20 ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പ്രധാന റോഡ് ഇടിഞ്ഞ് സമീപത്തെ പാറക്കുളത്തി ലേക്കു പതിച്ചിട്ട് ആറു മാസം പിന്നിട്ടു. നാല് കുടുംബങ്ങള്‍ ജീവന്‍ഭയന്ന് സ്ഥലം മാറിപ്പോയി. മറ്റുള്ള കുടുംബങ്ങള്‍ താമസിക്കുന്നത് ഭീതിയോടെ. അനുദിനം ഇടിഞ്ഞുകൊണ്ടിരിക്കുന്ന റോഡ് വഴിയാത്രികര്‍ക്കും ഭീഷണി. റോഡിന്റെ വശങ്ങളില് നില്ക്കുന്ന ഇലക്ട്രിക് ലൈനുകള്‍ കടപുഴകി വീഴാവുന്ന അവസ്ഥയില്‍. സംഭവത്തില്‍ ഒരു കുടുംബത്തിനുപോലും നഷ്ടപരിഹാരം ലഭിച്ചില്ല. സംഭവദിവസം കെ. മുരളീധരന് എംഎല്‍എ സ്ഥലം സന്ദര്‍ശിക്കുകയും അടിയന്തര നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ല. രാധമ്മ, വേണു, ചന്ദ്രിക, സന്ധ്യ എന്നിവരുടെ കുടുംബങ്ങളാണ് ഇപ്പോള്‍ അടുപ്പുകൂട്ടാന്പാറയിലെ വീടുപേക്ഷിച്ച് വാടകവീട്ടില്‍ താമസിച്ചുവരുന്നത്. മഴക്കാലം തുടങ്ങിയതോടെ നിലവിലെ ഇവരുടെ വീട് ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ജനങ്ങള്‍ ദുരിതം അറിയിച്ചതോടെ സ്ഥലം സന്ദര്‍ശിച്ച് വേണ്ടതായ നടപടി സ്വീകരിക്കാമെന്ന് എം.എല്‍.എ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. റോഡ് അടിയന്തരമായി പുനര്‍നിര്‍മ്മിച്ച് അടുപ്പുകൂട്ടാന്‍പാറ നിവാസികളുടെ പ്രശ്നത്തിന് എം.എല്‍.എ അടിയന്തരമായി പരിഹാരമുണ്ടാക്കണമെന്ന് തുരുത്തുമ്മൂല വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാര്‍ ആവശ്യപ്പെട്ടു.