കൊല്ലങ്കോട്: പാലക്കാട് ടൗണില്‍നിന്നും രാവിലെ പൊള്ളാച്ചിയിലേക്കു പോകുന്ന അമൃത എക്‌സ്പ്രസ് മധുര തീര്‍ഥാടനകേന്ദ്രം വരെ നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി. പഴനി-പാലക്കാട് ബ്രോഡ്‌ഗേജ് ലൈന്‍ കമ്മീഷന്‍ ചെയ്ത് എട്ടുമാസമായിട്ടും മുന്‍കാലങ്ങളില്‍ ഓടിയിരുന്ന ട്രെയിനുകള്‍ പുനഃസ്ഥാപിക്കാതിരിക്കുന്നതില്‍ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്.മീറ്റര്‍ഗേജ് ലൈന്‍ നിര്‍ത്തി എട്ടുവര്‍ഷങ്ങള്‍ക്കുശേഷമാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചത്. ഇപ്പോള്‍ ആറു സ്‌പെഷല്‍ ട്രെയിനുകള്‍ മാത്രമാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും ജനോപകാരപ്രദമല്ലെന്നാണ് യാത്രക്കാരുടെ ആരോപണം.
പടിഞ്ഞാറന്‍ ജില്ലകളില്‍നിന്നും പഴനി, ഏര്‍വാടി, മധുര തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളിലേക്കു പോകാന്‍ പാലക്കാടുനിന്നും മുമ്പ് സര്‍വീസ് നടത്തിയിരുന്ന മൂന്നു ട്രെയിന്‍ ഏറെ ഉപകാരപ്രദമായിരുന്നു. ഇതുവഴി നല്ലവരുമാനവും റെയില്‍വേയ്ക്കു ലഭിച്ചിരുന്നു.ഇപ്പോള്‍ എണ്ണൂറുകോടിയിലധികം ചെലവഴിച്ച് ബ്രോഡ്‌ഗേജാക്കി ലൈന്‍ നവീകരിച്ചിട്ടും പഴയകാല സര്‍വീസുകള്‍ തുടങ്ങാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഈ പാതകൊണ്ട് യാതൊരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണ്. പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലെ സ്വകാര്യ ബസുകളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് മുന്‍കാല സര്‍വീസുകള്‍ പുനരാരംഭിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.