അഗളി: ബോഡിച്ചാള ഊരിലെ ആദിവാസികളെ പീഡിപ്പിക്കുന്നതിനു നേതൃത്വം കൊടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയും പീഡിപ്പിച്ചവര്‍ക്കെതിരേയും കര്‍ശനനടപടിയെടുക്കണമെന്ന് എംഎല്‍എ എന്‍.ഷംസുദീന്‍ ആവശ്യപ്പെട്ടു. ബോഡിച്ചാളയില്‍ പീഡനത്തിന് ഇരയായവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.80 കഴിഞ്ഞ ആദിവാസി വൃദ്ധനെ ഉള്‍പ്പെടെ നാലുപേരെ രണ്ടുദിവസം പീഡനത്തിന് ഇരയാക്കി. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവരെ കോടതിയില്‍ ഹാജരാക്കി ശിക്ഷ വാങ്ങിക്കൊടുക്കാം. എന്നാല്‍ അകാരണമായി രണ്ടുദിവസം രേഖകളില്ലാതെ കസ്റ്റഡിയില്‍ മര്‍ദിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്ന് എംഎല്‍എ പറഞ്ഞു.
ആദിവാസികള്‍ക്ക് ഭക്ഷണവും വെള്ളവും നല്കാതെയാണ് പീഡിപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭയന്ന് മാനസികരോഗമുള്ള ഒരാള്‍ ബോഡിച്ചാള ഊരില്‍നിന്നു കാട്ടില്‍ ഒളിച്ച് ദിവസങ്ങളായെങ്കിലും ഇതുവരെയും മടങ്ങിയെത്തിയിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു.ചെന്നായ്ക്കള്‍ പിടിച്ചുതിന്ന മാനിന്റെ ബാക്കിഭാഗം ഭക്ഷിച്ച ആദിവാസികളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചുവെന്ന പരാതി മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ചിരുന്നു. പീഡനത്തിന് ഇരയായ ബോഡിച്ചാള ഊരിലെ കക്കി (80)യാണ് മനുഷ്യാവകാശ കമ്മീഷനു പരാതി നല്കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ആദിവാസികളെ ചന്ദനകേസ് ഉള്‍പ്പെടെ വിവിധ കേസുകളില്‍പെടുത്തി വനപാലകര്‍ ക്രൂരമായി മര്‍ദിക്കുന്നതായി വ്യാപക പരാതിയുണ്ട്. ജൂലൈ 22ന് രാവിലെ 11ന് നെല്ലിപ്പതി ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച ആദിവാസികളെ രണ്ടുദിവസം മര്‍ദിച്ച് അവശരാക്കി കള്ളക്കേസില്‍ കുടുക്കിയെന്നാണ് പരാതി. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ വനംവകുപ്പിന്റെ ഈ നടപടി ആദിവാസി പീഡനമായി പരിഗണിച്ച് നടപടിയെടുക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷനു നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.