ആലപ്പുഴ: ജില്ലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട എട്ടു ജനപ്രതിനിധികളില്‍ നാലുപേര്‍ മന്ത്രിപദവിയിലെത്തുമെന്ന പ്രതീക്ഷയില്‍ ആലപ്പുഴ ജില്ല. മുന്‍മന്ത്രിമാരായ ജി. സുധാകരന്റെയും തോമസ് ഐസക്കിന്റെയും മന്ത്രിപദവി സ്ഥിരീകരിച്ചതോടെ മന്ത്രി സ്ഥാനത്ത് ഇനി പ്രതീക്ഷയുള്ളത് ചേര്‍ത്തലയില്‍ നിന്നും പി. തിലോത്തമനും കുട്ടനാട്ടില്‍നിന്നും തോമസ് ചാണ്ടിക്കുമാണ്.
ഇതിനുമുമ്പ് ആലപ്പുഴയ്ക്ക് നാലുമന്ത്രിമാരെ ലഭിച്ചത് 1982ല്‍ യുഡിഎഫ് മന്ത്രിസഭയിലാണ്. അന്ന് വയലാര്രവി, കെ.പി. രാമചന്ദ്രന്‍നായര്‍, രമേശ് ചെന്നിത്തല, തച്ചടിപ്രഭാകരന്‍ എന്നിവര്‍ യഥാക്രമം ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ നിയോജകമണ്ഡലങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെടുകയും ആഭ്യന്തരം, ആരോഗ്യം, ഗ്രാമവികസനം, ധനകാര്യം എന്നിവ ആലപ്പുഴയുടെ ജനപ്രതിനിധികള്‍ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.
ഐക്യകേരളം നിലവില്‍വന്നശേഷം നടന്ന 1957ലെ ആദ്യനിയമസഭയില്‍ ജില്ലയില്‍നിന്നും മൂന്നുമന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇഎംഎസ് മന്ത്രിസഭയില്‍ ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.സി. ജോര്‍ജ്, തൊഴില്‍-ഗതാഗതമന്ത്രിയായിരുന്ന ടി.വി. തോമസ്, റവന്യു-എക്സൈസ് മന്ത്രിയായിരുന്ന കെ.ആര്. ഗൗരിയമ്മ എന്നിവരായിരുന്നു അവര്‍. പിന്നീട് ഒരു മന്ത്രിപോലും ആലപ്പുഴയെ പ്രതിനിധികരിക്കാതിരുന്ന നിയമസഭകളും ഉണ്ടായിട്ടുണ്ട്. യുഡിഎഫിനു രണ്ടു സീറ്റുകള്‍മാത്രം ലഭിച്ച 2011ലെ തെരഞ്ഞെടുപ്പില്‍ മന്ത്രിസഭയില്‍ ഹരിപ്പാട്ടുനിന്നും രമേശ് ചെന്നിത്തല മാത്രമാണ് ഉണ്ടായിരുന്നത്. നാലു മന്ത്രിമാര്‍ ആലപ്പുഴയില്‍നിന്നും ഉണ്ടാകുമ്പോള്‍ ജില്ലയ്ക്ക് ഏറെ വികസനകുതിപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.